22 February, 2021 07:10:17 PM


ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന വ്യാജപരാതി; യുവതിക്കെതിരെ കേസ്



തിരുവനന്തപുരം: വെള്ളറടയില്‍ ക്വാറന്‍റീനില്‍ കഴിയുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന യുവതിയുടെ വ്യാജ പാരാതിയില്‍ ഹൈക്കോടതി ഇടപെടല്‍. പരാതി വ്യാജമാണെന്ന് ഡി ജി പി നല്‍കിയ റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.


ബന്ധുക്കളുടെ സമ്മര്‍ദ്ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തി. വ്യാജപരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ക്വാറന്‍റീനില്‍ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഭരതന്നൂര്‍ സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്‍റെ ഭരതന്നൂരിലെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി.


പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണെന്നും പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ പിന്നീട് സത്യവാങ്മൂലം നല്‍കി. സത്യവാങ്മൂലം പരിഗണിച്ച്‌ പ്രതിക്ക് ജാമ്യം നല്‍കിയ കോടതി യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.


കുളത്തൂപ്പുഴ പ്രാഥമികആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ ഭരതന്നൂരിലെ വീട്ടില്‍ വച്ച്‌ യുവതിയെ പീ‍ഡിപ്പിച്ചെന്നാണ് കേസ്. സെപ്റ്റംബര്‍ മൂന്നിനാണ് പരാതിക്കാസ്പദമായ സംഭവം. നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ് പ്രദീപിനെ സമീപിച്ചത്. ഭരതന്നൂരിലെ വീട്ടിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.


പിന്നാലെ പാങ്ങോട് പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തു. റിമാന്‍റില്‍ കഴിയുകയായിരുന്ന പ്രദീപ് കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി സത്യവാങ്മൂലം സമര്‍പ്പിച്ചത്. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതതോടെയാണ് ബന്ധപ്പെട്ടതെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്. യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ചും മുന്‍ മൊഴിയില്‍ നിന്നും പിന്മാറിയതിനെ കുറിച്ചും വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K