22 February, 2021 05:02:29 PM


കളയാൻ തുടങ്ങിയ ലോട്ടറിക്ക് 80 ലക്ഷം; സിറാജുദ്ദീന് 'കാരുണ്യ'യുടെ സമ്മാന പരമ്പര



തിരുവനന്തപുരം:  ഒരു സമ്മാനവും ഇല്ലെന്ന് ഉറപ്പിച്ച് കളയാൻ തീരുമാനിച്ച ലോട്ടറി ടിക്കറ്റിന് കിട്ടിയത് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. ഈ ഭാഗ്യം കൂടാതെ ഒപ്പം എടുത്ത ഒൻപതു ലോട്ടറി ടിക്കക്കുകൾക്കും സമ്മാനം ലഭിച്ചു. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീനെയാണ് ഭാഗ്യ പരമ്പര ലഭിച്ചത്. 80 ലക്ഷത്തിനു പുറമെ മറ്റ് ഒൻപത് ടിക്കറ്റുകൾക്ക് 8000 രൂപ വീതമാണ് ലഭിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജുദ്ദീൻ.


കഴിഞ്ഞ ദിവസം കാരുണ്യ ടിക്കറ്റിന്‍റെ ഫലം വന്നപ്പോഴും 5000 രൂപ വരെയുള്ള സമ്മാനങ്ങൾ മാത്രമേ സിറാജുദീൻ  നോക്കിയുള്ളൂ. സമ്മാനം ഇല്ലെന്ന് ഉറപ്പിച്ച് ടിക്കറ്റ് ഉപേക്ഷിക്കാനായിരുന്നു സിറാജുദീന്‍റെ തീരുമാനം. ഇതിനിടെ ഏജന്‍റാണ് താനെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വിവരം സിറജുദ്ദീനെ അറിയിച്ചത്. ബാലരാമപുരത്തെ  ഹോട്ടലിലെ തൊഴിലാളിയാണ് സിറാജുദ്ദീൻ . സ്വന്തമായി വീട് ഇല്ലാത്ത സിറാജുദീനും ഭാര്യ സീനത്തും ബന്ധുവീട്ടിലാണ് കഴിയുന്നത്. ഷഹീറ, ഷഹീർ, ഷെബീദ എന്നിവരാണ് മക്കൾ.


എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K