19 February, 2021 10:50:14 AM
നിയന്ത്രണം തെറ്റിയ ട്രോളര്‍ ബോട്ട് കരയിലേക്ക് ഇടിച്ചുകയറി; മൂന്ന് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: നിയന്ത്രണംതെറ്റിയ മത്സ്യബന്ധന ട്രോളര്‍ ബോട്ട് പൂവാര്‍ പൊഴിക്കരയില്‍ കരയിലേക്ക് ഇടിച്ചുകയറി ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് രാമേശ്വരം സ്വദേശികളായ അരുള്‍, ഫെനി, ഒരു പശ്ചിമ ബംഗാള്‍ സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്രതീക്ഷിതമായി കൂറ്റന്‍ ബോട്ട് കരയില്‍ ഇടിച്ചു കയറിയത് പ്രദേശവാസികളെയും ഏറെനേരം പരിഭ്രാന്തിയിലാക്കി. ശക്തികുളങ്ങര തായ് തോപ്പില്‍ ഇഗ്നേഷ്യസ് ലെയോള എന്നയാളുടെ ഉടമസ്ഥയിലുള്ള മറിയം എന്ന ബോട്ടാണ് വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരും ഉറങ്ങിയതാണ് ബോട്ട് ദിശമാറി കരയിലിടിച്ച് കയറാന്‍ കാരണമെന്ന് പൂവാര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രിന്‍സി ജോസഫ് പറഞ്ഞു.
ദിശമാറിയെത്തിയ ബോട്ട് മറ്റു മത്സ്യബന്ധന വള്ളങ്ങളുമായി കൂട്ടിമുട്ടാത്തതും വലിയ ശബ്ദത്തോടെ തീരത്തേക്ക് പാഞ്ഞുകയറിയ ബോട്ട് ശക്തമായ തിരയടിയില്‍ മറിയാതിരുന്നതും കാരണം വന്‍ അപകടം ഒഴിവാക്കി. കൊല്ലം ശക്തികുളങ്ങരയില്‍നിന്നു തമിഴ്നാട് രാമേശ്വരം സ്വദേശികളായ ഫെനി, ഡേവിസ്, അരുള്‍, മടുകി പച്ചൈ, സെന്തൂരന്, പശ്ചിമബംഗാല്‍ സ്വദേശികളായ ശങ്കര്‍ ദാസ്, നിര്‍മല്‍ ദാസ്, പ്രദീപ് ദാസ്, റോയ് മോഹന്‍ ദാസ് ഉള്‍പ്പെടെ 10 പേരടങ്ങുന്ന സംഘവുമായാണ് ബോട്ട് മത്സ്യബന്ധനത്തിനായി തിരിച്ചത്. ഡ്രൈവറുടെ പരിചയ - കുറവാണ് ബോട്ട് ദിശമാറി സഞ്ചരിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
5000 ലിറ്റര്‍ ഡീസല്‍, മീന്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഐസ് അടക്കം അവശ്യസാധനങ്ങളും ബോട്ടിലുണ്ടായിരുന്നു. കരയില്‍ ഉറച്ച ബോട്ട് ഉച്ചയോടെ കെട്ടിവലിച്ച് കടലില്‍ ഇറക്കാന്‍ വിഴിഞ്ഞത്തുനിന്നെത്തിയ അദാനി ടഗ്ഗും കൊല്ലത്തുനിന്നെത്തിയ രണ്ട് സ്വകാര്യ ബോട്ടുകളും ശ്രമം നടത്തിയെങ്കിലും വടം പൊട്ടിയതോടെ ദൗത്യം ഉപേക്ഷിച്ച് സംഘം മടങ്ങി.