11 February, 2021 02:35:00 PM
തലസ്ഥാനത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു
തിരുവനന്തപുരം: സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നേരത്തെ എബിവിപി, മഹിളാമോർച്ച പ്രതിഷേധങ്ങളും സംഘർഷത്തിൽ കലാശിച്ചിരുന്നു.
പ്രകടനമായി എത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കം. ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ച പ്രവർത്തകന് നേരെ പോലീസ് ലാത്തിവീശിയത് തർക്കത്തിനും കാരണമായി. ഇതിനിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
പിരിഞ്ഞുപോകാൻ പ്രതിഷേധക്കാർ തയാറാകാതിരുന്നതോടെ കണ്ണീർവാതക ഷെല്ലുകൾ എറിയുകയായിരുന്നു. പോലീസ് എറിഞ്ഞ കണ്ണീർവാതക ഷെല്ലിൽ ഒന്ന് മാധ്യമപ്രവർത്തകർക്കിടയിൽ വീണതും തർക്കത്തിനിടയാക്കി. പ്രതിഷേധക്കാർ എംജി റോഡ് ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തി. പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.