10 February, 2021 07:21:56 PM


ആത്മഹത്യാഭീഷണി മുഴക്കിയത് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ആളെന്ന് ആരോപണം



തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ ആത്മഹത്യാശ്രമം നടത്തിയത് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തയാളെന്ന് ആരോപണം. പാലക്കാട് പെരുവമ്പ് സ്വദേശി റിജുവാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കിയത്.


റിജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു എന്നുമാണ് ഇടതുപക്ഷം പറയുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ സമരവും അക്രമാസക്തമായി. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരത്തിനിടെ സെക്രട്ടേറിയറ്റിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിനു മുകളില്‍ കയറി ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. 


പൊലീസ്-ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ത്ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നു എന്നാരോപിച്ചും റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലും സംസ്ഥാനത്ത് ഉടനീളവും നിരവധി പ്രതിഷേധ സമരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K