08 February, 2021 10:03:17 PM


കലണ്ടര്‍, ഡയറി അച്ചടി ക്രമക്കേട്: മണ്ണന്തല പ്രസിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെ സ്ഥലം മാറ്റി



തിരുവനന്തപുരം: സര്‍ക്കാര്‍ ഡയറിയും കലണ്ടറും അച്ചടിച്ച്‌ വിതരണം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മണ്ണന്തല സര്‍ക്കാര്‍ പ്രസിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെ അന്വേഷണ വിധേയമായി കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി. അച്ചടി വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശയിലാണ് നടപടി. സര്‍ക്കാര്‍ കലണ്ടറും ഡയറിയും അച്ചടിച്ചതില്‍ ക്രമക്കേട് സംബന്ധിച്ച വാര്‍ത്തയെത്തുടര്‍ന്ന്, ഇതേപ്പറ്റി അന്വേഷിച്ച്‌ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട് അച്ചടി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


സര്‍ക്കാര്‍ കലണ്ടറും ഡയറിയും അച്ചടിച്ച മണ്ണന്തല പ്രസ്സിലല്ല, അത് വിതരണത്തിനായി സെന്‍ട്രല്‍ പ്രസ്സില്‍ എത്തിച്ചപ്പോഴാണ് ക്രമക്കേട് നടന്നതെന്ന് പറയുന്നു. മണ്ണന്തല പ്രസ്സിലെ കലണ്ടറും ഡയറിയും അച്ചടി സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് ഡെപ്യൂട്ടി സൂപ്രണ്ട് വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇത് വകുപ്പ് സെക്രട്ടറി പരിശോധിച്ച്‌ ശരി വച്ചിരുന്നു. എന്നാല്‍ വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് മണ്ണന്തലയിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെ ബലിയാടാക്കി സ്ഥലം മാറ്റുന്നതെന്നാണ് ആക്ഷേപം. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണിതെന്നും ആക്ഷേപമുണ്ട്. ഒരാഴ്ച സമയം നല്കിയിട്ടും അച്ചടി വകുപ്പ് ഡയറക്ടര്‍ ഇതുവരെ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K