28 September, 2020 12:22:08 AM
'വിജയ് പി. നായര്‍ വൻ തട്ടിപ്പ്': പരാതി നല്‍കാനൊരുങ്ങി മനഃശാസ്ത്ര വിദഗ്ധരും
തിരുവനന്തപുരം : സ്ത്രീവിരുദ്ധവും അശ്ലീല പരാമർശങ്ങളുമടങ്ങിയ വീഡിയോകൾ പ്രചരിപ്പിക്കുന്ന യൂട്യൂബർ വിജയ് പി. നായർക്കെതിരേ മനശാസ്ത്ര വിദഗ്ധരും. ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് അവകാശപ്പെടുന്ന വിജയ് പി. നായർ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ ഇല്ലെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സിന്റെ അംഗമല്ലെന്നും അസോസിയേഷൻ കേരള റീജിയൺ ജന. സെക്രട്ടറി ഡോ. വി. ബിജി.
സംഭവത്തിൽ റിഹാബിലിറ്റേഷൻ കൗൺസിലിനും സംസ്ഥാന സർക്കാരിനും പരാതി നൽകുമെന്നും ഇതിൽ നടപടിയുണ്ടായില്ലെങ്കിൽ മറ്റു നിയമവഴികൾ തേടുമെന്നും ഡോ. വി. ബിജി വ്യക്തക്കി. ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ പ്രവർത്തികൾ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ പ്രൊഫഷനെ തന്നെ ബാധിക്കുന്നതാണ്. ഒരാൾ മാത്രമല്ല, നിരവധി പേരാണ് അംഗീകാരമില്ലാതിരുന്നിട്ടും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുന്നത്. പൊതുജനങ്ങൾ ഒരിക്കലും ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുത്. മാധ്യമങ്ങളും ഇത്തരക്കാർക്കെതിരേ ജാഗ്രത പാലിക്കണം.
അംഗീകാരമില്ലാത്ത പലരും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഡോ. ബിജി കൂട്ടിച്ചേർത്തു.
മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ശേഷം രണ്ട് വർഷം ക്ലിനിക്കൽ സൈക്കോളജിയിലെ അംഗീകൃത എം.ഫിൽ പഠനവും പൂർത്തീകരിച്ച് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തവരാണ് അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. എന്നാൽ വിജയ് പി. നായർക്ക് ഇത്തരമൊരു രജിസ്ട്രേഷനും ഇല്ലെന്നാണ് കണ്ടെത്തൽ.