15 September, 2020 12:47:23 PM
വര്‍ക്കലയില്‍ അച്ഛനും അമ്മയും മകളും വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എംഇഎസ് കോണ്‍ട്രാക്ടറായ വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍ (58), ഭാര്യ മിനി (58), ഗവേഷക വിദ്യാര്‍ത്ഥിയായ മകള്‍ അനന്തലക്ഷ്മി (26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
വീടിന്റെ മുകളിലത്തെ നിലയില്‍ തീപടര്‍ന്നത് കണ്ട് അയല്‍പക്കത്തുള്ളവര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി വീട്ടിനുള്ളില്‍ കയറി തീയണച്ചു. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.