12 September, 2020 07:26:29 PM
വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം; സിബിഐ സ്‌റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കും
തിരുവനന്തപുരം: കാര്‍ അപകടത്തെതുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയിലേക്കും. സുഹൃത്തായ സ്റ്റീഫനുമായുള്ള ബാലുവിന്‍റെ അടുപ്പം, ആശുപത്രിയിലെ സന്ദര്‍ശനം തുടങ്ങിയ വിവരങ്ങള്‍ സംഘം ബാലഭാസ്കറിന്‍റെ മാതാപിതാക്കളില്‍നിന്ന് ശേഖരിച്ചു. സ്റ്റീഫനുമൊത്ത് ബാലഭാസ്കര്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നതായും അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കാണാന്‍ വന്നിരുന്നതായും മാതാപിതാക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബാലഭാസ്‌കർ മരിക്കുന്ന ദിവസവും സ്‌റ്റീഫൻ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നുവെന്ന് ഇവർ വ്യക്തമാക്കി.
17ന് സ്‌റ്റീഫൻ ദേവസിയുടെ മൊഴി എടുക്കാനാണ് സിബിഐ ആലോചിക്കുന്നത്. 16ന് നാല് പേരുടെ നുണപരിശോധനയുടെ അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കുന്നുണ്ട്. കലാഭവൻ സോബി, വിഷ്‌ണു, പ്രകാശ് തമ്പി, അർജുൻ എന്നിവരെ നുണപരിശോധനയ്‌ക്ക് വിധേയമാക്കുന്നതിന് സമർപ്പിച്ച അപേക്ഷയാണ് പരിഗണിക്കുന്നത്. ഇതേസമയം ബാലഭാസ്‌കറിന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ അന്വേഷക സംഘം ശേഖരിച്ചു. നുണപരിശോധനയ്‌ക്ക് വിധേയരാക്കാൻ തീരുമാനിച്ചവർക്ക് പുറമെ കേസിൽ ഇതുവരെ ബാലഭാസ്‌കറിന്‍റെ മാതാപിതാക്കൾ, ഭാര്യ ലക്ഷ്‌മി, ഇവരുടെ സഹോദരൻ, ബന്ധു പ്രിയ വേണുഗോപാൽ, പാലക്കാട്ടെ പൂന്തോട്ടം ആയുർവേദ ആശുപത്രി നടത്തിപ്പുകാർ എന്നിവരുടെ മൊഴി സിബിഐ എടുത്തിട്ടുണ്ട്.