05 September, 2020 01:38:15 PM


വെഞ്ഞാറമൂട് കൊലപാതകം: അന്‍സര്‍ പിടിയില്‍; പ്രതികള്‍ റഹിമിന്‍റെ സംരക്ഷണയിലെന്ന് കോണ്‍ഗ്രസ്



തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിലെ രണ്ടാം പ്രതി അനസര്‍ ബന്ധുവിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയവെ പൊലീസ് പിടിയില്‍. അതേസമയം വെഞ്ഞാറമൂട് കൊലപാതകം സി.പി.എം ചേരിപ്പോരില്‍ നിന്ന് ഉണ്ടായതാണെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.  സംഭവത്തില്‍ ഉള്‍പ്പെടാത്തവരുടെ പേര് വരെ എഫ്.ഐ.ആറില്‍ ചേര്‍ത്ത് കേസ് അട്ടിമറിക്കാന്‍ നോക്കുകയാണെന്നും എം.എം ഹസന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍​ഗ്രസ് നേതാക്കള്‍ ആരോപിച്ചു.  


ഡി.വൈ.എഫ്.ഐ നേതാവ് സ‍ഞ്ജയനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ്. സി.പി.എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. 2019 ല്‍ ഡി.കെ.മുരളിയുടെ മകനെ സി.പി.എമ്മുകാര്‍ വേങ്ങമല ക്ഷേത്രത്തിന് സമീപം തടഞ്ഞതോടെയാണ് ഈ പ്രശ്നങ്ങള്‍ തുടങ്ങിയത്. സി.പി.എം പ്രവര്‍ത്തകന്‍ ഫൈസലിന് നേരെ ഉണ്ടായ വധശ്രമവും പാര്‍ട്ടിയിലെ ചേരിപ്പോരിനെ തുടര്‍ന്നായിരുന്നു. കേസില്‍ ഒരു ബന്ധവും ഇല്ലാതിരുന്ന രണ്ട് ചെറുപ്പക്കാരെയും ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ത്തുവെന്നും നേതാക്കള്‍ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കയ്യിലെ ആയുധങ്ങള്‍ സംബന്ധിച്ച്‌ റഹിമിന്‍റെയും ആനാവൂര്‍ നാഗപ്പന്‍റെയും പ്രസ്താവനകളിലെ വൈരുദ്ധ്യം സി.പി.എം വിഭാഗീയതയ്ക്ക് തെളിവാണ്.


റഹിമിന്റെ വിശ്വസ്തനും ഡി.വൈ.എഫ്.ഐ ഏരിയാ ജോയിന്‍റ് സെക്രട്ടറിയുമായ സഞ്ജയനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ് . സി.പി.എം പ്രവര്‍ത്തകന്‍ ഷറഫുദ്ദീനെ വധിക്കാന്‍ ശ്രമിച്ച കേസിലും മിഥിലാജ് പ്രയാണ്. കൊലപാതകത്തില്‍ പങ്കെടുത്ത പലരും ഇപ്പോഴും റഹിമിന്‍റെ സംരക്ഷണയില്‍ ഒളിവില്‍ കഴിയുന്നു. കേരള പൊലീസ് അന്വേഷിച്ചാല്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താനാവില്ലെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിര്‍ഭാഗത്തുള്ളവരെ വെട്ടിവീഴ്‌ത്താന്‍ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസില്‍ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണ്. സംഭവസ്ഥലത്ത് രണ്ടു ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു. കൂടാതെ നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവ സമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. ഇവരെ കുറിച്ചൊന്നും പൊലീസ് ഒന്നും പറയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K