13 August, 2020 05:55:22 PM
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കോവിഡ്; 3 ദിനത്തിനിടെ 101 പേര്‍ക്ക് രോഗം
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കൂടുതല്‍ തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവാഴ്ച രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാക്കി തടവുകാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. പുതിയതായി 98 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 41 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇത്. അങ്ങനെ മൂന്ന് ദിവസത്തിനിടെ ജയിലില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101 ആയി.
ഇതോടൊപ്പം ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാളുടെ പരിശോധന ഫലം ഉടന്‍ പുറത്ത് വരും. ഇനി എണ്ണൂറോളം തടവുകാരെയാണ് ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കാനുള്ളത്. ഇവരെ പരിശോധിക്കാനുള്ള നടപടികളും ജയില്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം കോവിഡ് സ്ഥിരീകരിച്ചവരെ ജയിലില്‍ തന്നെ പ്രത്യേകം ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.