29 July, 2020 12:01:00 AM
തലസ്ഥാനനഗരത്തിൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി; തീരദേശത്ത് ആഗസ്റ്റ് 6 വരെ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാന നഗരത്തിൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി. കണ്ടെയ്ൻമെന്റ് സോണുകളല്ലാത്ത മേഖലകളിലാണ് ഇളവുകൾ. ജില്ലയിലെ തീരദേശത്ത് അടുത്ത മാസം ആറു വരെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.
കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ തുറക്കാം. കടകളിൽ വൈകുന്നേരം നാല് മുതൽ ആറ് വരെ മുതിർന്ന പൗരൻമാർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ ഹൈപ്പർ മാർക്കറ്റുകൾ, മാളുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. മാർക്കറ്റുകൾ കടുത്ത നിയന്ത്രണത്തോടെ പ്രവർത്തിക്കാനും അനുമതി നൽകും.
സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. കണ്ടെയ്ൻമെന്റ് മേഖലകൾ ഒഴിച്ച് ഹോം ഡെലിവറിയാകാം. ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ അനുവദിക്കില്ലെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.