24 July, 2020 09:17:52 PM


ബാലരാമപുരത്തെ മദ്യശാലകളില്‍ വന്‍തിരക്ക്; നാട്ടുകാര്‍ ആശങ്കയില്‍



തിരുവനന്തപുരം: ബാലരാമപുരത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ തിരക്ക് വധിക്കുന്നത് നിയന്ത്രിക്കാന്‍ കാഴിയാത്തതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാകുന്നു. ദിവസവും സാമൂഹിക അകലം പാലിക്കാതെ നൂറുകണിക്കിന് പേരാണ് മദ്യശാലക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നത്. ക​ണ്ടെയ്​ന്‍മെന്‍റ്​ സോണില്‍ നിന്നുള്‍പ്പെടെ ആളുകള്‍ ഇവിടെ മദ്യം വാങ്ങാനെത്തുന്നുണ്ട്​. ഇത്​ പ്രദേശവാസികളില്‍ ഏറെ ആശങ്കക്കിടയാക്കുന്നു.


സമീപ പ്രദേശങ്ങളിലെ ബീവറേജസ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേറെയും കണ്ടെയ്ന്‍മെന്‍റ്​ സോണായി പ്രഖ്യാപിച്ചതോടെയാണ് ബാലരാമപുരത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് വര്‍ധിച്ചത്. നിയന്ത്രണം പാളുന്ന തരത്തിലാണ് തിരക്ക്​ അനുദിനം വര്‍ധിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അവര്‍ പോകുന്നതോടെ വീണ്ടും തിരക്ക് വര്‍ധിക്കുന്നു​. ബാലരാമപുരം ബാറിന് മുന്നിലും സ്ഥിതി മറിച്ചല്ല. നിരവധി തവണ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചിട്ടും ഫലം കാണുന്നില്ലെന്നും ആക്ഷേപമുണ്ട്​.


ഇതിനിടെ, കണ്ടെയ്ന്‍മെന്‍റ്​ സോണുകളല്ലാത്ത സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതും തലവേദനയാകുന്നുണ്ട്​. മദ്യശാലകള്‍ക്ക് മുന്നില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയേറെയാണ്​. മത്സ്യ മാര്‍ക്കറ്റുകളില്‍നിന്ന്​ കോവിഡ് പിടിപെട്ടതിനെക്കാള്‍ കൂടുതല്‍ മദ്യശാലകളുടെ നിയന്ത്രണങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനത്തിലൂടെ വരാന്‍ സാധ്യതയുണ്ടെന്നും ബാലരാമപുരം നിവാസികള്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K