20 July, 2020 11:51:09 PM


തിരുവനന്തപുരം പോത്തീസിന്‍റെയും രാമചന്ദ്രൻ ടെക്സ്റ്റൈൽസിന്‍റെയും ലൈസന്‍സ് റദ്ദാക്കി



തിരുവനന്തപുരം: കോവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന സൂപ്പർ മാർക്കറ്റുകളായ രാമചന്ദ്രൻ, പോത്തീസ് എന്നിവയുടെ ലൈസൻസ് കോർപറേഷൻ റദ്ദാക്കി. നഗരത്തിൽ കോവിഡ് വ്യാപനം കൂടാൻ കാരണം ഈ സൂപ്പർ മാർക്കറ്റുകളാണെന്ന പരാതി ഉയർന്നിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ളവരെ ക്വാറന്റീനോ കോവിഡ് മാർഗനിർദ്ദേശങ്ങളോ പാലിക്കാതെയാണ് ഇവിടങ്ങളിൽ ജോലിക്കെത്തിച്ചിരുന്നത്.  ഈ പരാതികളുടെ സാഹചര്യത്തിലാണ് കോർപറേഷന്റെ നടപടി.


പോത്തീസിന്റെ ആയൂർവേദ കോളേജ് ജംഗ്ഷനിലെയും രാമചന്ദ്രയുടെ നഗരത്തിലെ നാല് ഷോപ്പുകളുമാണ് അടച്ചു പൂട്ടിയത്. ലോക്ക്ഡൗൺ തുടരുന്നതിനിൽ ഇപ്പോൾ ഷോറൂം അടഞ്ഞ് കിടക്കുകയാണ്. ലോക്ഡൗൺ അവസാനിച്ചാലും ഇവ തുറക്കാൻ അനുവദിക്കില്ല. ലോക്ക്ഡൗൺ അവസാനിച്ച ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ സ്വീകരിച്ച നടപടികൾ ഈ സ്ഥാപനങ്ങൾ കോർപ്പറേഷനെ അറിയിക്കണം. ജീവനക്കാരുടെ താമസ സ്ഥലത്ത് വരുത്തിയ ക്രമീകരണം അടക്കം നഗരസഭയെ ബോധ്യപ്പെടുത്തണം. തുടർന്ന് പരിശോധനയ്ക്ക് ശേഷമെ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് മേയർ വ്യക്തമാക്കി.


നിരവധി തവണ കോവിഡ് മാർഗനിർദേശം രണ്ട് സ്ഥാപനങ്ങളും ലംഘിച്ചതായാണ് കണ്ടെത്തൽ. രാമചന്ദ്രൻ ടെക്സ്റ്റൈൽസിലെ എൺപതിലധികം ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പലഘട്ടങ്ങളിലും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നെന്ന് മേയർ ശ്രീകുമാർ പറഞ്ഞു. എന്നാൽ ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.തുടർന്നും ഇവ പാലിക്കാതെ തുറന്ന് പ്രവർത്തിക്കുകയും കോവിഡ് വ്യാപനത്തിന് ഈ സ്ഥാപനങ്ങൾ കാരണമാവുകയും ചെയ്തതിനെ തുടർന്നാണ് നഗരസഭയുടെ നടപടിയെന്നും മേയർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K