18 July, 2020 06:38:45 PM


തിരുവനന്തപുരത്തെ തീരമേഖല ഇന്ന് രാത്രി മുതല്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ സമൂഹ വ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിലെ തീരമേഖലകളില്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ജൂലൈ 28 അര്‍ധ രാത്രി വരെ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തീരമേഖലയെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണം. മൂന്ന് സോണുകളായി തിരിച്ച്‌ നിയന്ത്രണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


ഇടവ, ഒറ്റൂര്‍, അഞ്ചുതെങ്ങ്, കടക്കാവൂര്‍, വക്കം ഗ്രാമപഞ്ചായത്തുകളും ര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ തീരപ്രദേശങ്ങളും സോണ്‍ ഒന്നില്‍ ഉള്‍പ്പെടും. ചിറയിന്‍കീഴ്, കഠിനംകുളം ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പറേഷനുമാണ് സോണ്‍ രണ്ടില്‍ ഉള്‍പ്പെടുന്നത്.കോട്ടുകാല്‍, കരിങ്കുളം, കൂവാര്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ സോണ്‍ മൂന്നിലാണ്.


ഈ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഒന്നും ബാധകമല്ല. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പരിക്ഷകള്‍ മാറ്റിവെക്കും. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ ഒന്നും പ്രവര്‍ത്തിക്കില്ല. ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം ഉപയോഗപ്പെടുത്താം. ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കും.


ദേശീയ പാതായിലൂടെ ഗതാഗതം അനുവദിക്കുമെങ്കിലും ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. പാല്‍, പച്ചക്കറി, പലചരക്ക്, ഇറച്ചിക്കട എന്നിവ രാവിലെ 7 മുതല്‍ 4 വരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരു കിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസ് വഴി നല്‍കും. ഹോട്ടികോര്‍പ്, സപ്ലൈകോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ വഴിയും വില്‍പനയുണ്ടാകും. ലീഡ് ബാങ്കിന്റെ മൊബൈല്‍ എടിഎമ്മും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 152 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. നാല് പേരുടെ ഉറവിടം വ്യക്തമല്ല. സാമൂഹ്യ വ്യാപനം ഉണ്ടായ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ പോലീസ്, ആരോഗ്യ, റെവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ 24 മണിക്കൂര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ പുതിയ രോഗികള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികലുളം സ്വീകരിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നതിന് നടപടികള്‍ പോലീസ് ഉറപ്പ് വരുത്തുന്നുണ്ട്.


പ്രദേശവാസികള്‍ക്ക് കൂടുതല്‍ ബോധവത്കരണം നടത്തുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ സ്റ്റാച്യൂ, പേട്ട, അട്ടക്കുളങ്ങര, പേരൂര്‍ക്കട, കുടപ്പനക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരും ഉറവിടം വ്യക്തമല്ലാത്തവരും ഉണ്ട്. ഇത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K