18 July, 2020 05:39:34 PM
സ്വപ്നയുമായി ജയഘോഷിനെ അടുപ്പിച്ചത് എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി
തിരുവനന്തപുരം: യുഎഇ കോൺസൽ ജനറലിന്റെ പെഴ്സണൽ സെക്യൂരിറ്റി ഓഫീസർ ജയഘോഷിന് ദീർഘകാലം തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലായിരുന്നു ജോലി. എമിഗ്രേഷൻ ജോലികൾക്ക് പുറമേ മറ്റൊരു ജോലി കൂടി അവിടത്തെ പോലീസുകാർക്കുണ്ട്. "പെട്ടിയെടുപ്പ് " എന്ന് പൊലീസുകാർ തന്നെ കളിയാക്കി വിളിക്കുന്ന ഫെസിലിറ്റേഷൻ ഡ്യൂട്ടിയാണ് അത്.
വിഐപികൾ, രാഷ്ട്രീയ നേതാക്കൾ, സിനിമാതാരങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ വരുമ്പോൾ അവർക്കു വേണ്ട സഹായം ചെയ്ത് കൂടെ നിൽക്കലാണ് പണി. വിമാനത്താവളത്തിൽ എത്തുന്ന ഉന്നതർക്ക് ലോഞ്ച് കണ്ടെത്താനും ബോർഡിഗ് പാസിനും സഹായിക്കുക, അവരുടെ ഹാൻഡ്ബാഗ് എടുത്ത് ഒപ്പം നടക്കുക, സെക്യൂരിറ്റി പരിശോധനകൾ എളുപ്പമാക്കുക തുടങ്ങി കയറ്റി വിടുന്നത് വരെ ആ പൊലീസുകാരുടെ ജോലിയാണ്.
അത്തരം പരിചയമാണ് എയർ ഇന്ത്യാ സാറ്റ്സിൽ ജോലി ഉണ്ടായിരുന്ന സ്വപ്നയുമായി ജയഘോഷിനെ അടുപ്പിച്ചത്. ആ ബന്ധം സ്വപ്നയ്ക്കു പിന്നാലെ ജയഘോഷിനേയും യുഎഇ കോൺസുലേറ്റിൽ എത്തിച്ചു. വർഷങ്ങളോളം എമിഗ്രേഷൻ ജോലി ചെയ്യുമ്പോഴും ജയഘോഷ് ഫെസിലിറ്റേഷൻ ഡ്യൂട്ടി ചോദിച്ചു വാങ്ങുമായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. മാത്രമല്ല അവിടെ പരിചയപ്പെടുന്ന ഉന്നതരുടെ ഫോൺ നമ്പർ വാങ്ങാനും അവരുമായി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം ഉറപ്പിക്കാനും എന്നും എപ്പോഴും ജയഘോഷ് ശ്രദ്ധിച്ചിരുന്നു.