13 July, 2020 05:45:18 PM


ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സരിത് ഉണ്ടായിരുന്നു; സിബിഐ അന്വേഷിക്കും



തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസില്‍ പുതിയ വഴിത്തിരിവ്. ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണ്ണകടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ഉണ്ടായിരുന്നതായി കലാഭവന്‍ സോബി പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് ചിലരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടതായി സോബി അന്ന് ക്രൈംബ്രാഞ്ചിനോടു പറ‍ഞ്ഞങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. മാധ്യമങ്ങളില്‍ സരിത്തിന്റെ ചിത്രം കണ്ടപ്പോള്‍ ആണ് ഇപ്പോള്‍ തനിക്ക് ഇയാളെ മനസിലായതെന്ന് അദ്ദേഹം പറഞ്ഞു.  


മുന്‍ മാനേജര്‍ 25 കിലോ സ്വര്‍ണം കടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടതോടെയാണു ബാലഭാസ്കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് തയാറാവുന്നത്. അന്വേഷണം സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങും. 2018 സെപ്റ്റംബര്‍ 25നാണ് വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച്‌ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2ന് ആശുപത്രിയില്‍വച്ച്‌ മരിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K