08 July, 2020 12:56:59 AM
തലസ്ഥാനം ആശങ്കയില്‍: പൂന്തുറയിൽ 25 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം: ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം തലസ്ഥാനത്ത് വന്‍തോതില്‍ ഉയരുന്നു. പൂന്തുറ, വലിയതുറ, ആര്യനാട് മേഖലകളിൽ സമൂഹ വ്യാപന സൂചനകളാണ് പുറത്ത് വരുന്നത്. സംസ്ഥാനത്ത് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 68 പേരിൽ 42 ഉം തിരുവനന്തപുരം ജില്ലയിലാണ്. പൂന്തുറയിലെ 25 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. വള്ളക്കടവിൽ 7 പേർക്കും, ആര്യനാട് 6 പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. നഗരസഭ പരിതിയിൽ മാത്രം 32 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയും ആശങ്കപ്പെടുത്തുന്നതാണ്. 9 പേർ വിവിധ കേന്ദ്രങ്ങളിൽ മത്സ്യവിൽപന നടത്തുന്നവരാണ്. ആര്യനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ അടക്കം അഞ്ച് ആരോഗ്യപ്രവർത്തകരും നാല് ഓട്ടോ ഡ്രൈവർമാരും ഉൾപ്പെടുന്നു. കൂടാതെ ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരൻ, ഹോട്ടികോപ്പിലെ ജീവനക്കാരൻ, ആര്യനാട് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ എന്നിവരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ 60 വയസിന് മുകളിലുള്ളവരും, 9 പേർ 10 വയസിന് താഴെയുള്ള കുട്ടികളുമാണ് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.