06 July, 2020 11:07:50 PM
'സ്വപ്നയുടെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറി' - റസിഡന്‍റ്സ് അസോസിയേഷൻ
തിരുവനന്തപുരം: സ്വപ്ന സുരേഷ് താമസിച്ചിരുന്ന മുടൻവൻമുകളിലുള്ള ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറി ശിവശങ്കറെന്ന് വെളിപ്പെടുത്തൽ. റസിഡന്‍റ്സ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയാണ് ആരോപണവുമായി രംഗത്തെത്തിയത്. സ്റ്റേറ്റ് കാറിലാണ് ഐടി സെക്രട്ടറി ഫ്ലാറ്റിൽ വന്നിരുന്നതെന്നും റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹി ആരോപിക്കുന്നു.
സ്വർണക്കടത്ത് കേസ് പ്രതിപക്ഷവും ബിജെപിയും സർക്കാരിനെതിരെ ആയുധാക്കുന്നതിനിടെയാണ് ഐടി സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണം ഉയരുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളുമായി ഐടി സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് ബലമേകുന്നതാണ് റെസിഡന്‍റ് അസോസിയേഷൻ ഭാരവാഹിയുടെ വെളിപ്പെടുത്തൽ. 2018 വരെയാണ് സ്വപ്ന സുരേഷ് മുടവൻ മുകളിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്.
റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹി മാധ്യമങ്ങളോട് പറഞ്ഞത്...
"അഞ്ചു വർഷം സ്വപ്ന സുരേഷ് ഇവിടെ താമസിച്ചിരുന്നു. ആ സമയത്താണ് യുഎഇ കോൺസുലേറ്റിൽ ജോലി ലഭിച്ചത്. അതോടെ ട്രാവൽ ഏജൻസി പ്രതിനിധികൾ ഫ്ലാറ്റിലെത്തുന്നത് പതിവായി. ശിവശങ്കർ എന്നയാൾ ഇവിടെ വരാറുണ്ടായിരുന്നു. ആഴ്ചയിൽ മൂന്നു നാലു ദിവസം വന്നിരുന്നു. ഞായറാഴ്ച മൊത്തം ഈ ഫ്ലാറ്റിൽ ഉണ്ടാകുമായിരുന്നു. ഭക്ഷണമൊക്കെ ഫ്ലാറ്റിലേക്കു വരുത്തും. സ്റ്റേറ്റ് കാറിലാണ് വന്നിരുന്നത്. നിത്യ സന്ദർശനമായപ്പോൾ നിയന്ത്രണം ഏർപ്പെടുത്താൻ അസോസിയേഷൻ തീരുമാനിച്ചു. അങ്ങനെയാണ് സെക്യൂരിറ്റിയെ ഏർപ്പാടുത്തിയത്. ഇതിനുപിന്നാലെ സ്വപ്നയുടെ രണ്ടാമത്തെ ഭർത്താവ് സെക്യൂരിറ്റിയെ അടിച്ചു. പൊലീസിൽ വിവരമറിയിച്ചെങ്കിലും കേസെടുത്തില്ല. പിന്നീട് സെക്യൂരിറ്റിയെ സ്വാധീച്ച് കേസ് ഒതുക്കി. ശിവശങ്കറിന്റെ വണ്ടിയിലാണ് സ്വർണക്കടത്തു കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ആൾ പോയിരുന്നത്".