06 July, 2020 12:56:55 PM


വിമാനത്താവളത്തിലിരുന്ന് ഉറങ്ങി; ദുബായില്‍ കുടുങ്ങിയ മലയാളി ഒടുവിൽ നാട്ടിലെത്തി



തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി പ്രവാസി ഒടുവിൽ നാട്ടിലെത്തി. വിമാനത്താവളത്തിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് നിശ്ചയിച്ചിരുന്ന വിമാനത്തിൽ കയറാനായില്ല. വിസ റദ്ദാക്കിയതോടെ പുറത്തേക്കും പോകാനാകാതെ വന്നതോടെ ഒരു രാത്രിയും പകലും വിമാനത്താവളത്തിൽ കുടുങ്ങിയശേഷമാണ് മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിയത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പി ഷാജഹാൻ (53)ആണ് മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിയത്.


കെഎംസിസി ചാർട്ട് ചെയ്ത വിമാനത്തിലാണ് ഷാജഹാൻ നാട്ടിലെത്തിയത്. അബുദാബിയിലെ മുസാഫയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഷാജഹാൻ. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടമായതോടെ വിസ റദ്ദാക്കി. കഴിഞ്ഞ ബുധനാഴ്ച കെഎംസിസിയുടെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനായി എല്ലാം തയാറായി. എന്നാൽ വിമാനത്താവളത്തിൽ ഉറങ്ങിപ്പോയതോടെ വിമാനം ഷാജഹാനെ കൂടാതെ നാട്ടിലേക്ക് തിരിച്ചു.


ബുധനാഴ്ച കൃത്യസമയത്ത് തന്നെ ഷാജഹാൻ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കോവിഡ് റാപ്പിഡ് ടെസ്റ്റിനും വിധേയനായി. ചെക്ക് ഇൻ നടപടികൾ പൂർത്തിയായ ശേഷം ബോർഡിംഗ് ഗേറ്റിന് സമീപത്തെ കാത്തിരുപ്പ് ഭാഗത്ത് ഇരുന്ന ഷാജഹാൻ ഉറങ്ങിപ്പോയി. വിമാനത്താവള അധികൃതർ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ ഷാജഹാനെ കൂടാതെ വിമാനം നാട്ടിലേക്ക് പറന്നു.


''ഉണർന്നപ്പോഴാണ് തന്നെ കൂടാതെ വിമാനം നാട്ടിലേക്ക് പോയകാര്യം ഷാജഹാൻ അറിയുന്നത്. തുടർന്ന് വിമാനം ചാർട്ട് ചെയ്ത കെഎംസിസി അധികൃതരെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. വിസ റദ്ദാക്കിയതിനാൽ വിമാനത്താവളത്തിൽ തന്നെ ഇരിക്കേണ്ടിവന്നു. ഷാജഹാൻ കഴിഞ്ഞ ആറുവർഷമായി യുഎഇയിൽ ജോലി ചെയ്തുവരികയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K