05 July, 2020 08:58:48 PM


തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ: ഒരാഴ്ചത്തേക്ക് സെക്രട്ടേറിയറ്റും അടച്ചിടും



തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 കേസുകൾ വ്യാപിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.


സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തിരുമാനമായത്. സെക്രട്ടേറിയറ്റ് ഉൾപ്പടെയുള്ള ഓഫീസുകളൊന്നും പ്രവർത്തിക്കില്ല. പൊലീസ് ആസ്ഥാനം മാത്രമായിരിക്കും പ്രവർത്തിക്കുക. കടകളും അടച്ചിടും. അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചുനൽകും. 


ജില്ലയിൽ അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൂന്തുറയിൽ മാത്രം ഇന്ന് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നു രോഗം സ്ഥിരീകരിച്ചതിൽ അഞ്ചുപേർ വിദേശത്തുനിന്ന് എത്തിയവരാണ്.


നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 

സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂം - 112

തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം - 0471 2335410, 2336410, 2337410

സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം - 0471 2722500, 9497900999

പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം -  9497900121, 9497900112



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K