24 June, 2020 06:45:29 PM
ആറ്റിങ്ങലിനെ മുള്‍മുനയില്‍ നിര്‍ത്തിയ ലക്‌നൗ സ്വദേശിയെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി
ആറ്റിങ്ങല്‍: തിരുവനന്തപുരത്ത് നിന്നും കാല്‍നടയായി ആലംകോട് എത്തിയ അന്യസംസ്ഥാനക്കാരന്‍ വാഹനങ്ങള്‍ക്കിടയിലേക്ക് ചാടി ആത്മഹത്യ ഭീഷണി മുഴക്കി. ആറ്റിങ്ങല്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സംയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയൊരു അപകടത്തില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തിയത്.
തുടര്‍ന്നും കയ്യില്‍ കിട്ടിയ എന്തോ ആയുധം ഉപയോഗിച്ച് ശരീരം സ്വയം കീറി മുറിവേല്‍പ്പിക്കുവാനും ശ്രമിച്ച ഇയാളെ മെഡിക്കല്‍ കോളേജിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ലക്‌നൗ സ്വദേശി 25 കാരനായ മീരാജ് കുമാര്‍ എന്ന യുവാവാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. തിരുവനന്തപുരത്ത് നിന്നും കാല്‍നടയായാണ് ഇയാള്‍ ആറ്റിങ്ങലിന് സമീപമുള്ള ആലംകോട് എത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെയര്‍മാന്‍ എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ഇയാളുടെ ശരീര ഊഷ്‌മാവ് ഉള്‍പ്പടെയുള്ളവ പരിശോധിച്ച ശേഷം ആംബുലന്‍സില്‍ വലിയകുന്ന് താലൂക്കാശുപത്രിയിലേക്കും അവിടുന്ന് മെഡിക്കല്‍ കോളേജ് ക്വാറന്റൈന്‍ സെന്റെറിലേക്കും കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിലാണ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റൈന്‍ സെന്റെറില്‍ പ്രവേശിപ്പിക്കുകയും അവിടുന്ന് ഇയാള്‍ ചാടുകയുമാണുണ്ടായതെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. ഇയാളുടെ സംസാരവും പ്രവൃത്തിയും പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നതും ഉദ്യോഗസ്ഥരെ ഏറെ ആശയ കുഴപ്പത്തിലാക്കി.