22 June, 2020 03:19:26 PM
തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കും; പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും സമ്ബര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലസ്ഥാനനഗരിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കും സമരങ്ങള്‍ക്കും പത്ത് പേരിലധികം പങ്കെടുക്കരുത്.
സര്‍ക്കാര്‍ പരിപാടികളില്‍ ഇരുപതില്‍ താഴെ ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കൂട്ടിരിപ്പിന് ഒരാള്‍ മാത്രം പാടുള്ളു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്ബോള്‍ പേരും വണ്ടി നമ്ബറും കുറിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു. നഗരത്തില്‍ ഓട്ടോ ഡ്രെെവറായ ഒരാള്‍ക്ക് കാേവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ നിരവധിപേരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
നഗരത്തിലെ രാഷ്‌ട്രീയ സമരങ്ങള്‍ക്കെതിരെ മന്ത്രി കടകംപള്ളി നേരത്തെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തെ ചെന്നെെ, ബെംഗളുരു, ഡല്‍ഹി എന്നീ നഗരങ്ങളെപ്പോലെ രോഗബാധിത പ്രദേശമാക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നതായി മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും തിരുവനന്തപുരം നഗരത്തില്‍ യാതൊരു ശ്രദ്ധയുമില്ലാതെ രാഷ്‌ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെയും പ്രകടനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമര്‍ശനം.
"രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള പ്രതിഷേധങ്ങളല്ല പലയിടത്തും നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നൂറുകണക്കിനു ആളുകളെ അണിനിരത്തിയുള്ള പ്രകടനങ്ങളും സമരങ്ങളും നഗരത്തില്‍ നടന്നു. തിരുവനന്തപുരം നഗരം ചെന്നെെയിലെ പോലെ, ഡല്‍ഹിയിലെ പോലെ രോഗവ്യാപനപ്രദേശമായി മാറാന്‍ സംഘടിതശ്രമമാണോ ഇതെന്ന് സംശയമുണ്ട്," കടകംപള്ളി പറഞ്ഞു.
പല കടകളും സാമൂഹിക അകലം ലംഘിച്ച് കച്ചവടം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയമപ്രകാരം അത്തരം കടകള്‍ക്കെതിരെ കേസെടുക്കും. ജില്ലയില്‍ പലയിടത്തും വ്യാപകമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മരണവീടുകളിലും വിവാഹ വീടുകളിലും അനുവദിക്കപ്പെട്ടതിലും അധികം ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നു. ഇതെല്ലാം രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിക്കും. അതിനാല്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.