19 June, 2020 03:32:30 PM
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും 7 ജീവനക്കാരും നിരീക്ഷണത്തില്‍
നെയ്യാറ്റിന്‍കര: തമിഴ്നാട് അതിർത്തി ഗ്രാമത്തിലെ അമ്മയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലെ 9 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. പത്തുകാണി സ്വദേശിയായ വീട്ടമ്മ(45)യും മകളും(15) കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12നും 1നും ഇടയ്ക്ക് ആശുപത്രി ഒപിയിലെത്തിയിരുന്നു. പനി ബാധിച്ച മകളെ ഡോക്ടർ പരിശോധിച്ച് മരുന്നും നൽകി വിട്ടു. ആറുകാണിയിൽനിന്നും കാൽനടയായി അതിർത്തി കടന്ന് കൂട്ടപ്പൂവിലെത്തി ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കുവന്ന ഇവർ ചികിൽസ നേടിയശേഷം ബന്ധുവിൻെറ കാറിൽ തിരികെപോയി.
കൂട്ടപ്പൂ സ്വദേശിയെന്നാണ് റജിസ്റ്ററിൽ രേഖപ്പെടുത്തിയത്. പനി കുറയാത്തിനെ തുടർന്ന് 16ന് ആശാരിപള്ളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇരുവർക്കും പിറ്റേന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ വെള്ളറടയിലേക്കു കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവറെയും കുടുംബത്തെയും നിരീക്ഷണത്തിലാക്കി. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ (2), സ്റ്റാഫ് നഴ്സ് (3), നഴ്സിങ് അസിസ്റ്റന്റ് (2),ഫാർമസിസ്റ്റ് (1), അറ്റൻഡർ (1) എന്നിവരാണ് ക്വാറന്റീനിൽ പ്രവേശിച്ചത്.