17 June, 2020 09:33:34 PM


ഭരണസംവിധാനത്തിലെ ഉന്നതന്‍റെ ഭാര്യയുമായി ഉടക്കി; കോവിഡ് ചുമതലയുള്ള ഡോക്ടർക്ക് സ്ഥലം മാറ്റം



തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ് പരിശോധനയുടെ സുപ്രധാന ചുമതലയുണ്ടായിരുന്ന ഡോക്ടർക്ക് സ്ഥലമാറ്റം. കോവിഡ് റാപ്പിഡ് പരിശോധനാ വിഭാഗം ചുമതലയുണ്ടായിരുന്ന മൈക്രോ ബയോളജിസ്റ്റ് കൂടിയായ ഡോ എൽ.ആർ ചിത്രയെയാണ് നീക്കിയത്. കഴിഞ്ഞ ദിവസമാണ് ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടർ എൽ.ആർ ചിത്രയെ സ്ഥലംമാറ്റി ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവ് ഇറക്കിയത്.


മൈക്രോബയോളജി ലാബിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യോഗ്യതയുള്ള മൈക്രോബയോളജിസ്റ്റ് ആയതിനാലാണ് ഡോക്ടർ ചിത്രയെ ജനറൽ ആശുപത്രിയിലേക്ക് നിയമിച്ചത്. ഈ നിയമനം റദ്ദാക്കിയാണ് ഡോക്ടറുടെ മാതൃസ്ഥാപനമായ നേമം താലൂക്ക് ആശുപത്രിയിലേക്ക് തിരികെ മാറ്റിയത്. ജനറൽ ആശുപത്രിയിലെ മറ്റൊരു ഡോക്ടറുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരണമെന്നാണ് സൂചന. ഇവർ ഭരണസംവിധാനത്തിലെ ഉന്നതന്‍റെ ഭാര്യയാണ്. കഴിഞ്ഞദിവസം ഡോക്ടർ ചിത്രയും ഉന്നതന്‍റെ ഭാര്യയും തമ്മിൽ കോവിഡ് പരിശോധന സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉയർന്നിരുന്നു.


തനിക്ക് ആൻറിബോഡി പരിശോധന നടത്തണമെന്ന് ഭരണസംവിധാനത്തിലെ ഉന്നതന്‍റെ ഭാര്യ കൂടിയായ ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ ചിത്ര തയ്യാറായില്ല. മാർഗ്ഗ നിർദ്ദേശമനുസരിച്ച് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ എന്ന് ഡോക്ടർ ചിത്ര നിലപാടെടുത്തു. പകരം ആരോഗ്യപ്രവർത്തകർക്ക് ചെയ്യുന്ന ട്രൂനാറ്റ് പിസിആർ പരിശോധന നടത്താനും നിർദേശിച്ചു. ഇതിന് പിന്നാലെയാണ് സ്ഥലമാറ്റം.


തിരുവനന്തപുരം ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലെയും കോവിഡ് പരിശോധനാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് ഡോക്ടർ ചിത്ര ആയിരുന്നു. സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനയ്ക്കുള്ളിൽ കടുത്ത പ്രതിഷേധമുയർന്നു. നടപടി ഡോക്ടർമാരുടെ മനോവീര്യം തകർക്കുമെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും കെജിഎംഒഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. നടപടി പിൻവലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K