14 June, 2020 02:24:14 PM
ഓൺലൈൻ ക്ലാസ് പേരിന് മാത്രം; ഫീസില്‍ ഇളവുകളില്ലാതെ സ്വകാര്യ സ്‌കൂളുകൾ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയ്ക്കിടയില്‍ ക്ലാസുകൾ ആരംഭിച്ചില്ലെങ്കിലും ആദ്യ ടേം ഫീസ് ആവശ്യപ്പെട്ട് സ്വകാര്യസ്കൂളുകൾ. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതിന്‍റെ വെളിച്ചത്തില്‍ ഈ മാസം തന്നെ ഫീസ് അടയ്ക്കണമെന്ന നിര്‍ദേശമാണ് പല സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളും രക്ഷിതാക്കൾക്ക് നൽകിയിരിക്കുന്നത്. കുറ്റമറ്റ രീതിയിൽ ഓൺലൈൻ ക്ലാസുകൾ ഇതുവരെ ആരംഭിക്കാൻ സാധിക്കാത്ത സ്കൂളുകളും ഫീസ് ആവശ്യപ്പെടുന്ന കാര്യത്തില്‍ മുന്നില്‍തന്നെയെന്നതാണ് ഏറെ വിചിത്രം.
പല സ്കൂളുകളിലും പേരിനു മാത്രമാണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്. ദിവസേന രണ്ടു മണിക്കൂര്‍ തികച്ച് ഓൺലൈൻ ക്ലാസ് മിക്ക സ്കൂളുകളും നടത്തിയിട്ടില്ല. വാട്‌സാപ്പ് വഴി പാഠഭാഗങ്ങളും വിഡിയോകളും അയച്ചു കൊടുത്ത് രക്ഷിതാക്കളെ ഭാരം ചുമപ്പിക്കുകയാണ് മറ്റു ചില സ്കൂളുകള്‍ ചെയ്യുന്നത്. അതേസമയം നാല് പീരിയഡ് ഓൺലൈൻ ക്ലാസുകള്‍ നടത്തുന്ന അപൂര്‍വം ചില സ്വകാര്യ സ്‌കൂളുകളുമുണ്ട്. കോവിഡ് കാലത്ത് ഫീസ് ആവശ്യപ്പെട്ടു തുടങ്ങിയതോടെ മെച്ചപ്പെട്ട വിദ്യാഭ്യാസം ലക്ഷ്യമിട്ട് മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർത്ത ദിവസവേതനക്കാരായ രക്ഷിതാക്കള്‍ പ്രതിസന്ധിയിലുമായി.
പേരിനു മാത്രം ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ച് ഫീസ് വാങ്ങാനുള്ള തന്ത്രമാണ് സ്കൂളുകൾ നടത്തുന്നതെന്നാണ് തിരുവനന്തപുരത്തെ ഒരു വിഭാഗം രക്ഷിതാക്കൾ ആരോപിക്കുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചില സ്‌കൂളുകളെങ്കിലും ചെറിയ തോതിൽ ഫീസിളവ് നല്‍കാന്‍ തയ്യാറായി. ഈ വർഷം ഫീസ് വർധിപ്പിക്കേണ്ടെന്നും ചില സ്കൂളുകൾ തീരുമാനിച്ചിട്ടുണ്ട്. ലൈബ്രറി, കംപ്യൂട്ടര്‍, പിടിഎ ഫണ്ട് തുടങ്ങിയ ഫീസുകളും അപൂർവം ചില സ്കൂളുകൾ ഒഴിവാക്കാൻ തയാറായിട്ടുണ്ട്. അതേസമയം സ്കൂൾ തുറക്കാത്തതിനെ തുടർന്ന് അധ്യാപകരുടെ തുച്ഛമായ ശമ്പളം വെട്ടിക്കുറച്ചെന്ന പരാതിയും വ്യാപകമാണ്.