10 June, 2020 03:40:41 PM


ചികിത്സയ്ക്കിടെ ചാടിപ്പോയ കോവിഡ് രോഗി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു



തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രോഗി തൂങ്ങിമരിച്ചു. നെടുമങ്ങാട് ആനാട് ആലംകോട് സ്വദേശിയായ ഉണ്ണി (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയ യുവാവിനെ സ്വദേശത്ത് നിന്ന് തിരികെ എത്തിച്ചിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.


ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നുവെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് തിരികെയെത്തിച്ച ശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൗൺസലിംഗ് നൽകുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകി. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നേഴ്സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു.


ഉടനെ സുരക്ഷാ ജീവനക്കാർ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിച്ചു. കോവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ഇയാള്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് കഴിഞ്ഞ ദിവസം മുങ്ങിയത്. ആശുപത്രി വേഷത്തില്‍ത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് അടുത്തെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ആംബുലൻസിൽ വീണ്ടും മെഡിക്കല്‍ കോളേജിലേക്കു എത്തിക്കുകയായിരുന്നു.


തമിഴ്‌നാട്ടില്‍നിന്നു മദ്യം വാങ്ങാന്‍ പോയതിനിടെയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞ മാസം 2-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്. കടുത്ത മദ്യാസക്തിയുള്ള ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും വിത്ത്ഡ്രോവല്‍ സിന്‍ഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാള്‍ക്കുണ്ടായിരുന്നതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.


സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K