09 June, 2020 05:29:57 PM
കോവിഡ് രോഗി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും മുങ്ങി; ഓടിച്ചിട്ട് പിടിച്ചു
തിരുവനന്തപുരം: കോവിഡ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും മുങ്ങി. ആനാട് സ്വദേശിയായ യുവാവാണ് ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്ന് ചാടിപ്പോയത്. ഇയാളെ നാട്ടുകാരും പോലീസും ചേർന്ന് തടഞ്ഞുവച്ച് ആശുപത്രിയിലാക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
യുവാവ് രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല. കോവിഡ് ചട്ടപ്രകാരം ബുധനാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്യുക. ഇതിനുള്ള നടപടി ആരോഗ്യവകുപ്പ് പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആശുപത്രി അധികൃതരെ കബളിപ്പിച്ച് പുറത്തിറങ്ങിയത്.
മെഡിക്കല്‍ കോളജില്‍ നിന്ന് ഓട്ടോ വിളിച്ച് ബ്സ് സ്റ്റോപ്പില്‍ എത്തുകയും അവിടെ നിന്ന് ആനാട്ടിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുകയുമായിരുന്നു. ആനാട് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും സിഐയെയും വിളിച്ച് വിവരം അറിയിച്ചു. ഇയാള്‍ ആശുപത്രിയില്‍ നിന്ന് അനധികൃതമായി ചാടിപ്പോയെന്ന് കാണിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.