05 June, 2020 02:48:05 PM
അമ്പലത്തറ മിൽമ പ്ലാന്‍റിലെ അമോണിയ ചോർച്ച; പരിസരവാസികൾക്ക് അസ്വസ്ഥതകൾ
തിരുവനന്തപുരം: അമ്പലത്തറ മിൽമ പ്ലാന്‍റിലെ വാതക ചോർച്ചയെതുടര്‍ന്ന് പരിസരവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ. ശീതീകരണത്തിന് ഉപയോഗിക്കുന്ന അമോണിയ ഗ്യാസ് വാൽവിലാണ് വ്യാഴാഴ്ച രാവിലെ ചോർച്ച ഉണ്ടായത്. വൈകിട്ട് വരെയും ചോർച്ച പരിഹരിക്കാനായില്ല. ചോർച്ച കണ്ടെത്താനായി അമോണിയ കലർന്ന വെള്ളം പ്ലാന്‍റിന്‍റെ പരിസരത്ത് തന്നെ തുറന്നുവിട്ടതോടെയാണ് പരിസരവാസികള്‍ക്ക് അസ്വസ്ഥതകള്‍ തുടങ്ങിയത്.
പ്ലാന്‍റിനോട് ചേർന്ന് താമസിക്കുന്ന നിരവധി വീടുകളിലെ കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ടു. പ്രദേശവാസികളുടെ കണ്ണുകൾക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ചില രാഷ്ട്രീയ നേതാക്കള്‍ സംഭവം അന്വേഷിക്കാൻ എത്തിയെങ്കിലും ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകിയില്ല. നാട്ടുകാരാണ് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചത്. 6 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ജില്ലാ കളക്ടറും ശംഖുമുഖം എസിപിയും സ്ഥലത്തെത്തിയിരുന്നു.
അമോണിയ കലർന്ന വെള്ളം കണ്ടെയ്നറിൽ നീക്കാതെ പ്ലാന്റിന്റെ പരിസരത്ത് തന്നെ തുറന്നു വിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. രാവിലെയുണ്ടായ ചോർച്ച പരിഹരിക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നവജ്യോത് സിങ് കോസ ആവശ്യപ്പെട്ടു. ഫയർഫോഴ്സിനും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിനും അടിയന്തര റിപ്പോർട്ട് നൽകാനാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
അമോണിയ വാതകം കലർന്ന വെള്ളം കണ്ടെയ്നറിൽ മറ്റൊരിടത്തേക്ക് നീക്കാനും നിർദ്ദേശം നൽകി. അമോണിയ ചോർച്ച പൂർണമായും നിയന്ത്രണ വിധേയമായതായി ഫയർഫോഴ്സ് അറിയിച്ചു. സാധാരണ അമോണിയ ചോർച്ച ഉണ്ടാകുമ്പോൾ വെള്ളം പുറത്തേക്ക് കളയുന്നതാണ് പതിവെന്ന് മിൽമയിലെ ജീവനക്കാർ പറയുന്നു. മഴയും കാറ്റും ഉണ്ടായതിനെ തുടർന്നാണ് സമീപവാസികൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ കാരണം എന്നാണ് ജീവനക്കാരുടെ വാദം.