04 June, 2020 09:05:24 PM
കുവൈറ്റില്‍ മലയാളി മരിച്ചു; മരണവിവരം അറിയുന്നത് സംസ്കാരം നടന്ന് രണ്ട് ദിവസം കഴിഞ്ഞ്
കുവൈറ്റ് സിറ്റി : തിരുവനന്തപുരം വർക്കല എടവ വെട്ടൂർ റാത്തിക്കൽ സ്വദേശി അഷീർ ഖാൻ താജുദ്ദീൻ (45) കുവൈറ്റിൽ മരണമടഞ്ഞു. മരണവിവരം ബന്ധുക്കളും സുഹൃത്തുക്കളും അറിയുന്നത് രണ്ട് ദിവസത്തിനുശേഷം. അതും സംസ്കാരത്തിനുശേഷം.
കഴിഞ്ഞ 2ന് വൈകുന്നേരം ഫഹാഹീലിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ട അഷീറിനെ സഹവാസികൾ ചേർന്ന് അദാൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ അഡ്മിറ്റ് ആക്കിയ ശേഷം സുഹൃത്തുക്കൾ റൂമിലേക്ക് തിരിച്ച് പോന്നത്രേ. പിന്നീട് ഇദ്ദേഹത്തിന്‍റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. ഇതേ തുടർന്ന് സുഹൃത്തുക്കൾ ഇന്ന് വീണ്ടും ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോഴാണു അഡ്മിറ്റ് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ അഷീര്‍ മരണമടഞ്ഞ വിവരം അറിയുന്നത്. മൃതദേഹം അപ്പോൾ തന്നെ സംസ്കരിച്ചതായും ആശുപത്രി അധികൃതര്‍ പറഞ്ഞെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
മരണ വിവരം ഇന്ത്യൻ എംബസിയിൽ അറിയിച്ച ശേഷമാണു സംസ്കാരം നടത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞുവത്രേ. അതേസമയം അഷീറിനെ ആശുപത്രിയില്‍ എത്തിച്ച തങ്ങളെ മരണവിവരം അറിയിച്ചില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മൃതദേഹം സംസ്കരിക്കപ്പെട്ട് രണ്ടാം ദിവസമായ ഇന്നാണു നാട്ടിലുള്ള ബന്ധുക്കളെ പോലും മരണ വിവരം അറിയിക്കാൻ കഴിഞ്ഞത്. നാലു വർഷം മുമ്പ് കുവൈത്തിൽ എത്തിയ ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുവൈത്തിൽ എത്തിയ ശേഷം ഇത് വരെ നാട്ടിൽ പോയിരുന്നില്ല. ഭാര്യ ഷാഹിദ.മക്കൾ ഷിഫ , അലി.