20 May, 2020 07:21:11 PM
കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി കോട്ടയത്ത് ചികിത്സയില്‍
തിരുവനന്തപുരം: കോവിഡ് -19 സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശികളില്‍ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. പാറശാലയില്‍നിന്നുള്ള 40കാരനായ ഇയാള്‍ ബി.പി.സി.എലിന്‍റെ ഇന്‍സ്റ്റലേഷന്‍ ജോലികളുടെ കരാറുകാരനാണ്. മുംബൈയില്‍ താമസിച്ചുവരികയായിരുന്നു. മുംബൈയില്‍നിന്ന് ഡ്രൈവര്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ പനിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മെയ് 18ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയായിരുന്നു.
നിരീക്ഷണത്തില്‍ താമസിപ്പിച്ചശേഷം ഇരുവരുടെയും സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ശ്വാസതടസം നേരിട്ട സാഹചര്യത്തില്‍ മെയ് 19ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. തിരുവനന്തപുരം സ്വദേശി ഉള്‍പ്പെടെ അഞ്ച് പേരാണ് കോട്ടയത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. വിദേശത്തുനിന്നെത്തിയ ഉഴവൂര്‍ സ്വദേശികളായ അമ്മയും രണ്ട് വയസുള്ള മകനും മെയ് 7ന് അബുദാബിയില്‍ നിന്നെത്തിയ അതിരമ്പുഴ സ്വദേശിയും മഹാരാഷ്ട്രയില്‍ നിന്നെത്തിയ മുണ്ടക്കയം മടുക്ക സ്വദേശിയുമാണ് മറ്റ് നാല് പേര്‍.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് ഏഴ് പേരാണ്. ഇവരില്‍ രണ്ട് പേര്‍ കൊല്ലം ജില്ലക്കാരാണ്. ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ രണ്ടു പുരുഷന്മാർക്കാണ്. 12ന് ദമാമിൽ നിന്നെത്തിയ ബാലരാമപുരം സ്വദേശി (46), 17ന് അബുദാബിയിൽ നിന്നു വന്ന കാട്ടാക്കട സ്വദേശി (26) എന്നിവർക്കാണ് രോഗം. ബാലരാമപുരം സ്വദേശിയായ ആൾ ഐഎംജിയിലായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കാട്ടാക്കട സ്വദേശിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ജനറൽ ആശുപത്രിയിലായിരുന്നു.