15 May, 2020 08:37:30 AM
ദില്ലിയിൽ നിന്ന് ട്രയിനിൽ തിരുവനന്തപുരത്തെത്തിയ യാത്രക്കാരന് കോവിഡ് ലക്ഷണം
തിരുവനന്തപുരം: ദില്ലിയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ ട്രെയിനിലെ ഒരു യാത്രക്കാരന് കോവിഡ് ലക്ഷണം. ഇയാളെ പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഇതേ ട്രെയിനിൽ കോഴിക്കോട്ട് ഇറങ്ങിയ ആറു പേർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടിരുന്നു. ഇവരെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഈ ട്രെയിനിൽ കേരളത്തിലേക്ക് വന്ന ഏഴു പേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്. ലോക്ക്ഡൗണിനിടയില്‍ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിനാണിത്. തിരുവനന്തപുരത്ത് 400 യാത്രക്കാരും എറണാകുളത്ത് 269, കോഴിക്കോട് 216 യാത്രക്കാരും ഇറങ്ങി.
വ്യാഴാഴ്ച രാത്രി പത്തോടെ കോഴിക്കോടെത്തിയ ട്രെയിൻ കാസർഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാരെ ഇവിടെ ഇറക്കി. വെള്ളിയാഴ്ച പുലർച്ചെ 12.30-ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25-ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നത്.