13 May, 2020 08:46:42 AM
ദോഹയില്‍നിന്നും 181 പ്രവാസികളുമായി വിമാനം അനന്തപുരിയില്‍ പറന്നിറങ്ങി
തിരുവനന്തപുരം: വന്ദേ ഭാരത് മിഷന്റെ ഭാഗമായി 181 യാത്രക്കാരുമായി ദോഹയിൽ നിന്നും പുറപ്പെട്ട വിമാനം തലസ്ഥാനത്തെത്തി. ദോഹയിൽ നിന്നും പ്രാദേശിക സമയം 5.30ന് പുറപ്പെട്ട വിമാനം ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. യാത്രക്കാരിൽ 96 സ്ത്രീകളും 85 പുരുഷൻമാരും 15 ഗർഭിണികളും പത്ത് വയസിൽ താഴെയുള്ള 20 കുട്ടികളും അറുപത് വയസിന് മുകളിലുള്ള 25 പേരും ആണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം- 43, കൊല്ലം- 48, പത്തനംതിട്ട- 23, ആലപ്പുഴ- 16, കോട്ടയം- 1, എറണാകുളം- 8, തൃശൂർ- 7, പാലക്കാട-് 2, വയനാട്- 1, കോഴിക്കോട്- 2, മലപ്പുറം- 1, കണ്ണൂർ- 3, കാസർഗോഡ്- 4 എന്നിങ്ങനെയാണ് ആകെ യാത്രക്കാരിൽ കേരളത്തിൽ നിന്നുളളവരുടെ ജില്ല തിരിച്ചുള്ള എണ്ണം.
കർണാടക- 1, മഹാരാഷ്ട്ര- 1, തമിഴ്നാട്ടിൽ നിന്ന് 20 എന്നിങ്ങനെയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് വിമാനത്തിലുള്ളവരുടെ എണ്ണം. ചൊവ്വാഴ്ച വൈകുന്നേരം ദോഹയിൽ നിന്നും ഇന്ത്യൻ സമയം 7 മണിക്ക് പുറപ്പെടും എന്ന് തീരുമാനിച്ചിരുന്ന വിമാനം ഒരു മണിക്കൂർ വൈകി 8 മണിക്കാണ് പുറപ്പെട്ടത്.
സാങ്കേതിക തകരാറുമൂലം വിമാനത്താവളത്തിലെ നടപടികൾ വൈകിയതുമൂലമാണ് വിമാനം പുറപ്പെടുന്നതിൽ താമസം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. വന്ദേ ഭാരത് പദ്ധതിയിൽ ഏറെ വിവാദമുണ്ടാക്കിയ വിമാന സർവ്വീസാണ് ദോഹ - തിരുവനന്തപുരം വിമാന സർവ്വീസ്. ഞായറാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എത്തും എന്ന് പറഞ്ഞിരുന്ന വിമാനത്തിന്റെ സർവ്വീസ് പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.