02 May, 2020 04:32:04 PM
വീട്ടില്‍ ചാരായം വാറ്റി വിറ്റുവന്ന യുവദമ്പതികൾ നെയ്യാറ്റിന്‍കരയില്‍ അറസ്റ്റിൽ
നെയ്യാറ്റിൻകര: വീട്ടിലെ അടുക്കളിയില്‍ ചാരായം വാറ്റി പുറത്ത് കൊണ്ടുപോയി വിറ്റുവന്ന യുവദമ്പതികള്‍ നെയ്യാറ്റിന്‍കരയില്‍ പിടിയില്‍. നെല്ലിമൂട് സ്വദേശി സജീഷ് കുമാർ (30), ഭാര്യ സോണിയ(26) എന്നിവരാണ് എക്സൈസ് ഇൻസ്‌പെക്ടർ സച്ചിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ നിന്ന് 10 ലിറ്റർ ചാരായവും, ബാരലിലും കുടങ്ങളിലുമായി സൂക്ഷിച്ചിരുന്ന 500ലിറ്റർ വാഷും കണ്ടെടുത്തു. മുൻസിപ്പൽ സ്റ്റേഡിയതിന് സമീപത്തു നിന്നും 1 ലിറ്റർ ചാരായവും ബൈക്കുമായി സജീഷ് പിടിയിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ വാറ്റ് കണ്ടെത്തിയത്.
നെല്ലിമൂട് വെൺകുളത്തുള്ള സ്വന്തം വീട്ടിൽ വെച്ചാണ് വാറ്റുന്നത് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയ സംഘം അടുക്കളയിൽ ഗ്യാസ് അടുപ്പിൽ കുക്കറിൽ ചാരായം വാറ്റികൊണ്ടിരിക്കുന്ന സോണിയയെ കണ്ടെത്തുകയായിരുന്നു. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ഷാജു, ജയശേഖർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, ശങ്കർ, പ്രശാന്ത്ലാൽ, രാജേഷ്.പി.രാജൻ, വിനോദ്, ലിന്റോ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നിഷ, ഇന്ദുലേഖ ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.