02 May, 2020 11:47:45 AM
അന്തർസംസ്ഥാന തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിൻ ഇന്ന് ഝാർഖണ്ഡിലേക്ക്
തിരുവനന്തപുരം: അന്തർസംസ്ഥാന തൊഴിലാളികൾക്കായി രണ്ടാമത്തെ ട്രെയിൻ ശനിയാഴ്ച യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് ഝാർഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിൻ. ഉച്ചക്ക് രണ്ട് മണിക്ക് ഈ തീവണ്ടി പുറപ്പെടുമെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഝാർഖണ്ഡ്, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ ട്രെയിനുകളുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ നിന്ന് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്ന് മാത്രമാവും അന്തർസംസ്ഥാന തൊഴിലാളികളുമായി ട്രെയിനുകൾ യാത്ര തിരിക്കുക. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ശാരീരിക അകലം പാലിച്ച് കർശന സുരക്ഷയോടെയാണ് യാത്ര. അന്തർസംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലെ ഭുവനേശ്വറിലേക്കുള്ള ട്രെയിൻ കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു ട്രെയിൻ. 1200 ഓളം അന്തർസംസ്ഥാന തൊഴിലാളികളാണ് ട്രെയിനിൽ മടങ്ങിയത്.