29 April, 2020 07:01:08 AM
ആറ്റിങ്ങലിലെ മദ്യകവർച്ച: അഞ്ചുപേർ കൂടി അറസ്റ്റിൽ; സംഘം കവർന്നത് നിരവധി ബൈക്കുകളും
ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഒതുക്കിയിട്ടിരുന്ന മദ്യ ലോറിയിൽ നിന്നും മോഷ്ടിച്ച വാഹനത്തിലെത്തി മദ്യം കവർന്ന കേസിൽ അഞ്ചംഗ സംഘം കോവളം പൊലീസിന്റെ പിടിയിലായി. കോവളം വെള്ളാർ കോളനിയിൽ കാട്ടിലെ കണ്ണൻ എന്ന വിമൽമിത്ര (20), കോവളം കുഴിവിളാകം ക്ഷേത്രസമീപം മേലേവീട്ടിൽ കുക്കു എന്ന അജിത് (19), കെഎസ് റോഡിൽ വേടർ കോളനി റോഡിൽ വേങ്ങ നിന്നവിള നാദിർഷാ മൻസിലിൽ ഖാദർ എന്ന നാദിർഷാ (20), ചിറയിൻകീഴ് കിഴുവിലം അണ്ടൂർ കുറക്കടയിൽ ചരുവിള വീട്ടിൽ ക്രേയ്സി മഹേഷ് എന്ന മഹേഷ് (24), വർക്കല ഇലകമൺ അയിരൂർ കൈതപ്പുഴ കുടക്കുന്ന് വിഷ്ണു ഭവനിൽ വിഷ്ണു (26) എന്നിവരാണ് പിടിയിലായത്.
കോവളം പൊലീസിന്റെ ബൈക്കു മോഷണ കേസന്വേഷണത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഒരാളെ നേരത്തെ ആറ്റിങ്ങൽ പൊലീസ് പിടികൂടിയിരുന്നു. തേരിയിൽ വീട്ടിൽ അനിക്കുട്ടൻ (19) ആണ് മോഷ്ടിച്ച മദ്യം കോവളം ഭാഗത്തു വിറ്റഴിക്കവെ പോലീസ് പിടികൂടിയത്. അഞ്ചോളം പേർ പിടിയിലാകാൻ ഉണ്ടെന്ന് ആദ്യ പ്രതിയെ പിടികൂടിയപ്പോൾ ആറ്റിങ്ങൽ പോലീസ് പറഞ്ഞിരുന്നു.
മോഷണത്തിനായി സംഘം കവർന്നത് നിരവധി ബൈക്കുകളാണ്. ആറ്റിങ്ങൽ ഭാഗത്ത് ലോറിയിൽ മദ്യക്കുപ്പികൾ സൂക്ഷിച്ചതറിഞ്ഞ വിമൽമിത്ര അജിത്, നാദിർഷാ എന്നിവർ മോട്ടോർ സൈക്കിൾ മോഷ്ടിച്ചു ആറ്റിങ്ങലിലേക്ക് പോയി. കോരാണിക്കു സമീപം ബൈക്കു പഞ്ചറായി. തുടർന്ന് കൂട്ടുകാരായ കോരാണിയിലൈ മഹേഷ്, വിഷ്ണു എന്നിവരെ ബൈക്ക് ഏൽപ്പിച്ചു. കോരാണിയിൽ നിന്നു മറ്റൊരു ബൈക്കു മോഷ്ടിച്ചു മൂന്നു മുക്ക് ബിവറേജ് ഗോഡൗണിനു സമീപം നിറുത്തിയിരുന്ന ലോറിയിൽ നിന്നു ടാർപ്പൊളീൻ കീറി 160 കുപ്പി മദ്യം കവർന്നു.
ക്യാമറ ദൃശ്യം പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതി അജിത്തിനെയും തുടർന്നു കൂട്ടു പ്രതികളായ മറ്റുള്ളവരെയും പിടികൂടി. തുടർന്നുള്ള അന്വേഷണത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധി, നെടുമങ്ങാട് പൊലീസ് അതിർത്തി എന്നിവിടങ്ങളിൽ നിന്നു രണ്ടു ബൈക്കുകളും മോഷ്ടിച്ചതായി തെളിഞ്ഞത്. അര ലീറ്ററിന്റെ മദ്യം ആയിരം രൂപ വരെ വിലയീടാക്കിയാണ് വില്പന നടത്തിയത്.
കോവളം എസ്എച്ച്ഒ പി.അനിൽകുമാർ, എസ്ഐമാരായ അനീഷ്കുമാർ, രാജേഷ് കുമാർ, സിപിഒമാരായ ശ്രീകാന്ത്, വിനയൻ, ഷിജു, ബിജേഷ്, ഷൈജു, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.