20 April, 2020 06:47:29 PM
'കേരളം മറ്റെവിടത്തേക്കാളും സുരക്ഷിതം'; നന്ദി പറഞ്ഞ് റോബർട്ടോ ടൊണോസോ യാത്രതിരിച്ചു
തിരുവനന്തപുരം: കോവിഡ് 19ൽ നിന്നും മുക്തിനേടിയ ഒരു വിദേശി കൂടി കേരളത്തോട് നന്ദി പറഞ്ഞ് യാത്രയായി. ഇറ്റലിയിൽ നിന്നുള്ള റോബർട്ടോ ടൊണോസോ (57) ആണ് നീണ്ട ആശുപത്രി വാസത്തിന് ശേഷം തികഞ്ഞ സന്തോഷത്തോടെ തലസ്ഥാനത്തോട് വിട പറഞ്ഞത്. തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ നിന്നും ചൊവ്വാഴ്ച ഇറ്റലിയിലേക്കുമാണ് റോബർട്ടോ ടൊണോസോ പോകുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ റോബർട്ടോ ടൊണോസോയുമായി വീഡിയോ കോൾ വഴി സംസാരിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ യാത്രയയ്ക്കാനെത്തി.
കോവിഡിന്റെ രണ്ടാംഘട്ടത്തിൽ വർക്കലയിൽ റോബർട്ടോ ടൊണോസോയുടെ രോഗബാധ ആശങ്കയുണ്ടാക്കിയിരുന്നു. മാർച്ച് 13നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കി. നിരീക്ഷണത്തിലായിരുന്ന സമയത്ത് ഇദ്ദേഹം നിരവധി സ്ഥലങ്ങളിൽ യാത്രനടത്തിയതും എവിടെയൊക്കെ പോയി ആരോടെല്ലാം സമ്പർക്കം പുലർത്തി എന്ന് പറയാൻ അറിയാത്തതും ഭാഷയുമെല്ലാം സമ്പർക്ക പട്ടിക ഉണ്ടാക്കാൻ വലിയ ബുദ്ധുമുട്ടുണ്ടാക്കി. അവസാനം ഇറ്റാലിയൻ ഭാഷ അറിയുന്ന ആളിന്റെ സഹായത്തോടെയാണ് സമ്പർക്ക പട്ടികയുണ്ടാക്കിയത്.
126 പേരുടെ നീണ്ട പട്ടികയായിരുന്നു ഉണ്ടായിരുന്നത്. ഗുരുതരമായ മറ്റസുഖങ്ങളും ഉണ്ടായിരുന്ന റോബർട്ടോ ടൊണോസോയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് മികച്ച ചികിത്സയാണ് മെഡിക്കൽ കോളേജ് നൽകിയത്. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടർന്ന് മാർച്ച് 25ന് ഡിസ്ചാർജ് ചെയ്തു. രോഗം ഭേദമായെങ്കിലും നിരീക്ഷണം തുടരേണ്ടതുണ്ടായിരുന്നു. ഇദ്ദേഹത്തെ ഹോട്ടലിൽ താമസിപ്പിച്ചാൽ വീണ്ടും പുറത്ത് പോകാൻ സാധ്യതയുള്ളതിനാൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ജനറൽ ആശുപത്രിയിൽ നിന്നും യാത്രയായത്.
മികച്ച ചികിത്സ നൽകിയ കേരളത്തിനും ആരോഗ്യമേഖലയ്ക്കും നന്ദി പറയുന്നതായി റോബർട്ടോ ടൊണോസോ മന്ത്രി കെ.കെ. ശൈലജയുമായുള്ള വീഡിയോ കോളിൽ പറഞ്ഞു. ഇന്ത്യയിൽ പലതവണ വന്നിട്ടുണ്ട്. കേരളത്തെ വളരെയധികം സ്നേഹിക്കുന്നുണ്ട്. എന്നാൽ ഇത്തവണ നിർഭാഗ്യവശാൽ കോവിഡ് ബാധിച്ചു. ഏറെ സന്തോഷം നൽകുന്നത് വളരെ മികച്ച ചികിത്സ ലഭിച്ചു എന്നതാണ്. ഡോക്ടർമാരും നഴ്സുമാരും നല്ല സേവനമാണ് നൽകിയത്. ഇവിടെനിന്നും മികച്ച ഭക്ഷണവും നൽകി. കേരളത്തിന്റെ സ്നേഹം മറക്കാനാവില്ല. ഈയൊരവസ്ഥ കടന്നുപോയാൽ അടുത്തവർഷവും കേരളത്തിലെത്തും. ഈ സന്ദർഭത്തിൽ കേരളത്തക്കാൾ സുരക്ഷിമായൊരു സ്ഥലമില്ല. വ്യക്തിപരമായി ഓരോരുത്തരോടുമുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഇങ്ങനെ സുഖപ്പെട്ട് പോകുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. വലിയ പ്രവർത്തനമാണ് ആരോഗ്യ പ്രവർത്തകർ നടത്തുന്നത്. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഉള്ളവരുൾപ്പെടെ എട്ടു വിദേശികളുടേയും ജീവൻ രക്ഷിക്കാൻ കേരളത്തിനായെന്നും മന്ത്രി വ്യക്തമാക്കി. വി.കെ. പ്രശാന്ത് എം.എൽ.എ., മേയർ കെ. ശ്രീകുമാർ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പത്മലത എന്നിവർ യാത്രയയപ്പിൽ പങ്കെടുത്തു.