20 April, 2020 04:13:00 PM
കാട്ടാക്കടയിൽ കള്ളവാറ്റ് കേന്ദ്രത്തിൽ എക്സൈസ് സംഘത്തിന് നേരെ ആക്രമണം
തിരുവനന്തപുരം: കാട്ടാക്കടയിൽ കള്ളവാറ്റ് കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജീപ്പ് അടിച്ചു തകർത്തു. എക്സൈസ് സംഘം പിടികൂടിയ സംഘത്തിലെ ഒരാൾ ആക്രമണത്തിനിടയിൽ കൈവിലങ്ങുമായി രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഒറ്റശേഖരമംഗലം വട്ടപ്പറമ്പ് കടവൻകുഴിയിൽ വാറ്റ് കേന്ദ്രങ്ങൾ സജീവമാണെന്നറിഞ്ഞ് റെയ്ഡിനെത്തിയ കാട്ടാക്കട എക്സൈസ് എസ്ഐ സ്വരുപിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എക്സൈസ് പിടിച്ചെടുത്ത വാറ്റും അക്രമികൾ തട്ടിയെടുത്തു. പരിക്കേറ്റ ആറ് എക്സൈസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്.
വാറ്റ് സംഘത്തിലുണ്ടായിരുന്ന സജി എന്നയാളെ അറസ്റ്റ് ചെയ്ത എക്സൈസ് സംഘം വാറ്റുകാരുടെ ഉപകരണങ്ങൾ നശിപ്പിച്ച് 30 ലിറ്റർ ചാരായം പിടിച്ചെടുത്തു. അറസ്റ്റിലായ ആളെ കൊണ്ടുപോകുന്നതിനിടെയാണ് ഒരു സംഘം ജീപ്പ് വളഞ്ഞ് ആക്രമണം നടത്തിയത്. സജി ഇതിനിടെ കൈവിലങ്ങമുമായി രക്ഷപ്പെടുകയും ചെയ്തു. അക്രമണത്തിന് പിന്നാലെ സ്ഥലത്ത് പോലീസ് എത്തിയെങ്കിലും അക്രമി സംഘം കടന്നുകളഞ്ഞു. കൈവിലങ്ങുമായി രക്ഷപെട്ടയാൾക്ക് വേണ്ടി പോലീസും എക്സൈസും അർധരാത്രിയിലും പുലർച്ചയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തെ സ്ഥിരം വാറ്റ് സംഘമാണ് ആക്രമണം നടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.