15 April, 2020 12:25:01 AM
മൂര്‍ഖനുമായി യാത്രക്കാരന്‍; വഴിയില്‍ തടഞ്ഞ് സെല്‍ഫിയെടുത്ത് പൊലീസ്
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം അതിജീവിക്കാന്‍ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ റോഡില്‍ നടന്ന പരിശോധനയിൽ പൊലീസുകാരുടെ മുമ്പിൽ വന്നുപെട്ടത് ഒരു മൂർഖൻ. മുതിയാവവിള സ്വദേശിയായ രതീഷ് ആണ് മൂർഖൻ പാമ്പുമായി പൊലീസിന്റെ മുമ്പിൽപെട്ടുപോയത്. മാറനല്ലൂർ പഞ്ചായത്തിലെ കണ്ടലയിൽ ഒരു വീട്ടിൽ നിന്ന് മൂർഖനെ പിടികൂടി തിരിച്ചു വരുന്ന വഴിയായിരുന്നു.
ബൈക്കിലെത്തിയ രതീഷിനെ തടഞ്ഞ പൊലീസ് യാത്രയുടെ ഉദ്ദേശ്യമടക്കമുള്ള കാര്യങ്ങൾ ചോദിച്ചു. വനംവകുപ്പ് അറിയിച്ചത് അനുസരിച്ച് പാമ്പ് പിടിക്കാൻ പോയതാണെന്നും മതിയായ രേഖകളും രതീഷ് പൊലീസിന് മുന്നിൽ വെച്ചു. ഒപ്പം, മൂർഖനെ കൂടി കണ്ടപ്പോൾ കട്ടക്കലിപ്പിൽ നിന്ന പൊലീസ് ഒരുനിമിഷം സാമൂഹ്യ അകലത്തിന്റെ കാര്യവും മറന്നു പോയി. ഇതിനിടയിൽ ചിലർ ഫോട്ടോ എടുക്കാനും അടുത്തുകൂടി.
ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഡി ബിജുകുമാറും സംഘവുമാണ് കാട്ടാക്കട ജംഗ്ഷനിൽ രതീഷിനെയും മൂർഖനെയും ചോദ്യം ചെയ്തതിനു ശേഷം കഥകൾ കൂടി അന്വേഷിച്ചത്. വനിത സി പി ഒ ഉൾപ്പെടെയുള്ള പൊലീസുകാർ കൗതുകത്തോടെ പാമ്പിനെ കാണാൻ കൂടി. 12 വർഷമായി ഈ രംഗത്തുള്ള താൻ ഓട്ടോ ഓടിച്ചാണ് ഉപജീവനമാർഗം കണ്ടെത്തുന്നതെന്നും പൊലീസിനെ അറിയിച്ചു. ഏതായാലും ഭാവിയിൽ രതീഷിന്റെ സേവനം ആവശ്യമായി വന്നാൽ വിളിക്കാനായി മൊബൈൽ നമ്പറും മേൽവിലാസവും പൊലീസ് വാങ്ങി. അതിനുശേഷമാണ് രതീഷിനെ പറഞ്ഞുവിട്ടത്.