12 April, 2020 08:39:39 PM


വീടിനുള്ളിൽ ചാരായ വാറ്റ്; തിരുവനന്തപുരം മുട്ടത്തറയിൽ ഒരാൾ പിടിയിൽ



തിരുവനന്തപുരം: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ബിവറേജ് ഷോപ്പുകൾ അടച്ച സാഹചര്യം മുതലെടുത്ത് വീടിനുള്ളിൽ ചാരായം വാറ്റുന്നതിനിടെ ഒരാൾ പിടിയിലായി. തിരുവനന്തപുരം മുട്ടത്തറ വില്ലേജിൽ പുത്തൻ പള്ളി വാർഡിൽ ബദരിയ നഗർ പള്ളിക്ക് സമീപം താമസം അബ്ദുൾ സലാം (47) മാണ് അറസ്റ്റിലായത്. വാറ്റ് നിർമ്മിക്കുന്നതിനുള്ള കോടയും മറ്റു വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


വൻ തുകക്ക് രഹസ്യ വിൽപ്പന നടത്തുന്നതിനായി ചാരായം വാറ്റുന്നതിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. വീടിന്‍റെ ടെറസിൽ അതീവ രഹസ്യമായി ഗ്യാസ് സിലിണ്ടർ, പ്രഷർകുക്കർ, വാറ്റാനുപയോഗിക്കുന്ന മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ചാരായവാറ്റ് നടത്തിയിരുന്നത്. പ്ലാസ്ററിക് കുപ്പികളിൽ നിറച്ച വാറ്റ് ചാരായവും, 20 ലിറ്റർ കോടയും ഇയാളിൽ നിന്ന് പിടികൂടി.
പൂന്തുറ എസ്.എച്ച്.ഒ സജികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാളുടെ വീട് പോലീസ് സംഘം വളഞ്ഞത്. പൊലീസ് പരിശോധനക്കെത്തുമ്പോൾ ഇയാൾ ചാരായ വാറ്റിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ ഐശ്വര്യ ധോഗ്രെയുടെ നേതൃത്വത്തിൽ പൂന്തുറ എസ്.എച്ച്. സജികുമാർ ബി.എസ്, എസ്.ഐ ബിനു.എന്നിവരുൾപ്പെട്ട സംഘമാണ് അബ്ദുൾ സലാമിനെ ചാരായവും വാറ്റുപകരണങ്ങളും സഹിതം പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K