11 April, 2020 04:57:49 PM


സാധനങ്ങളില്ല; മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളും കാലി



തിരുവനന്തപുരം: പൊതുജനം ഭക്ഷ്യധാന്യങ്ങൾക്കായി പരക്കം പായുമ്പോൾ ജില്ലയിലെ മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളും കാലിയായി. അരി, ഉഴുന്ന്, പയർ, വെളിച്ചെണ്ണ, ശർക്കര, പച്ചരി തുടങ്ങിയ സാധനങ്ങള്‍  പലയിടത്തുമില്ല. ആകെയുള്ളത് സോപ്പ്, പേസ്റ്റ് തുടങ്ങിയവ ചെറുകിടസാധനങ്ങള്‍ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തിയവരെല്ലാം നിരാശരായി മടങ്ങി.


സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റിലേക്ക്‌ സാധനങ്ങൾ നൽകേണ്ടി വന്നതിനാലാണ് ഔട്ട്‌ലെറ്റുകൾ ശൂന്യമായതെന്ന് അധികൃതർ പറയുന്നു. എന്നാൽ സപ്ലൈകോയിലേക്ക്‌ സാധനങ്ങൾ വിതരണം ചെയ്യുന്ന കരാറുകാർ കഴിഞ്ഞ ഏതാനും മാസങ്ങളായി സാധനങ്ങൾ കൃത്യമായി നൽകാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും പറയപ്പെടുന്നു. നേരത്തെ സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിലെ സാധനങ്ങൾ തീരുന്ന മുറയ്ക്ക് വാങ്ങി നൽകാൻ ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റി (ഡി.എം.സി) ക്ക്‌ അധികാരമുണ്ടായിരുന്നു.


എന്നാൽ ഒരുവർഷം മുൻപ് ഈ സംവിധാനം അവസാനിപ്പിക്കുകയും മുഴുവൻ വാങ്ങലുകളും എറണാകുളത്തെ കേന്ദ്രഓഫീസ് വഴി ആക്കുകയും ചെയ്തു. കോവിഡ്-19 ദുരിതകാലം തുടങ്ങിയതോടെ വീണ്ടും ചെറുകിട സാധനങ്ങൾ വാങ്ങാൻ ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റിക്ക്‌ അധികാരം നൽകി. എന്നാൽ വാങ്ങുന്ന സാധനങ്ങൾക്ക് എറണാകുളത്തെ ഓഫീസിൽ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ തുകയായിരിക്കണം എന്ന നിബന്ധനയി ലാണ് അധികാരം നൽകിയത്. തുക കുറച്ച് സാധനങ്ങൾ വിതരണം ചെയ്യാൻ കരാറുകാർ തയാറല്ലാതെ വന്നതും പ്രശ്നമായി മാറി.


സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങളുടെ വില വർദ്ധിപ്പിച്ച തും ശരിയായില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പൊതുവിപണിയിലേയും സപ്ലൈകോയിലെയും വിലയിൽ വലിയ അന്തരമില്ലെന്നു മാത്രമല്ല പലസാധനങ്ങളുടേയും വില പൊതുവിപണിയിലേതിനേക്കാൾ ഉയർന്നതുമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K