08 April, 2020 07:41:15 PM


മദ്യം കിട്ടിയില്ല: അന്തരിച്ച നടിയുടെ മകൻ ഉറക്കഗുളിക കഴിച്ച് ആശുപത്രിയിൽ



ചെന്നൈ: അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് തമിഴ് ചലച്ചിത്ര നടി മനോരമയുടെ മകൻ ഭൂപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് റിപ്പോർട്ട്. ഇയാൾ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ജീവന് ഭീഷണിയാവുമെന്ന ഉദ്ദേശത്തിൽ കഴിച്ചതല്ല, മറ്റൊന്നാണ് കാരണം എന്നും പറയുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മദ്യം ലഭിക്കാതായതോടെ ഉറക്ക ഗുളികയിൽ ലഹരി കണ്ടെത്താനുള്ള ഭൂപതിയുടെ ശ്രമമാണ് ഇത്തരത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


ബാറുകളും കള്ളുഷാപ്പുകളും അടച്ച സാഹചര്യം നിലനിൽക്കുമ്പോൾ നടത്തിയ ശ്രമമായിട്ടാണ് ഇതിനെ കാണുന്നത്. ഇയാൾക്ക് മദ്യത്തോടു ആസക്തിയുള്ളതായും അത് തരണം ചെയ്യാൻ മറ്റു വഴികൾ ഇല്ലാതായപ്പോഴാണ് ഇങ്ങനെ ചെയ്തതെന്നുമാണ് റിപ്പോർട്ട് . എന്നാൽ ഇതേപ്പറ്റി ഭൂപതിയുടെ കുടുംബമോ ആശുപത്രിയോ വിവരങ്ങൾ നൽകാന്‍ തയാറായിട്ടില്ല. വാർത്ത തമിഴ് ചലച്ചിത്ര മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. 


1500ൽ പരം ചിത്രങ്ങളിൽ വേഷമിട്ട നടി മനോരമ 5,000ത്തിലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തിയേറ്റർ മാനേജർ എസ്.എം. രാമനാഥനെ വിവാഹം ചെയ്തെങ്കിലും രണ്ടു വർഷത്തിനുള്ളിൽ ഇവർ വേർപിരിഞ്ഞു. 2015ലായിരുന്നു മനോരമയുടെ അന്ത്യം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K