04 April, 2020 09:19:50 PM
മധുരയില്‍ നിന്നും കോട്ടയത്തേക്ക് റയില്‍ പാളത്തിലൂടെ നടന്നു; പിടിയിലായി
തിരുവനന്തപുരം: മധുരയില്‍നിന്ന് കോട്ടയത്തേക്ക് കാല്‍നടയാത്ര. അതും റെയില്‍പ്പാളത്തിലൂടെ. നടന്ന് നടന്ന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റെയിൽവെ സംരക്ഷണ സേന പിടികൂടി. എരുമേലി കനകപ്പലം കുന്നില്‍ വീട്ടില്‍ പ്രസാദ്(68) ആണ് റെയിൽവെ സംരക്ഷണ സേനയുടെ പിടിയിലകപ്പെട്ടത്. ഇയാളെ പിന്നീട് ആരോഗ്യവകുപ്പിനു കൈമാറി.
മാർച്ച് 14ന് മധുരയില്‍നിന്നാണ് റെയില്‍വേ ട്രാക്കില്‍ കയറിതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. രാമേശ്വരം ക്ഷേത്രത്തില്‍ പോയി മടങ്ങുന്നതിനിടെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വീട്ടിലെത്താൻ മറ്റു മാർഗമില്ലാത്തതിനെ തുടർന്നാണ് നടക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു.
യാത്രയ്ക്കിടെ രാത്രിയില്‍ സമീപത്തുള്ള ക്ഷേത്രങ്ങളിലും മറ്റും തങ്ങി. പാളത്തിനരികിലെ വീടുകളില്‍നിന്നും ഭക്ഷണം കഴിച്ചു. തിരുവനന്തപുരത്തെത്തി കോട്ടയം ഭാഗത്തേക്കു നടന്ന് തുടങ്ങിയപ്പോഴാണ് സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ ഓഫീസര്‍ എം.ടി.ജോസഫ് ഇയാളെ കാണുന്നതും റെയില്‍വേ സംരക്ഷണസേനയുടെ ശ്രദ്ധയില്‍പെടുത്തുന്നതും.