24 March, 2020 04:01:20 PM
നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാ വർക്കര്‍ക്ക് മര്‍ദ്ദനം
തിരുവനന്തപുരം: വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ച ആശാവർക്കറെ യുവാവ് വീടു കയറി മർദ്ദിച്ചെന്നു പരാതി. വാമനപുരം പഞ്ചായത്തിലെ പൂവത്തൂര്‍ വാര്‍ഡ് ആശാ വര്‍ക്കര്‍ പൂവത്തൂര്‍ സരസ്വതി ഭവനില്‍ ലിസി (37) ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൂവത്തൂര്‍ വിഎസ് ഭവനില്‍ വിഷ്ണു(27)വിനെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ലിസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിക്കുകയും പെണ്‍മക്കളെ അസഭ്യം വിളിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഒന്‍പതിന് സൗദിയില്‍ നിന്നു നാട്ടിലെത്തിയ ഇയാളോട് ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടില്‍ നിന്നും പുറത്തു പോകരുതെന്ന് നിര്‍ദേശിച്ചിരുന്നു.
താന്‍ നാട്ടിലെത്തിയ വിവരം ആശാ വര്‍ക്കറാണ് ആരോഗ്യ വകുപ്പിനെ അറിയിച്ചതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ലിസിയുടെയും മക്കളുടെയും നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇതിനിടയില്‍ ഇയാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ചെവിക്ക് സാരമായി പരുക്കേറ്റ ലിസിയെ വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.