16 March, 2020 05:58:10 PM
ലോറിയിടിച്ച് റോഡ് റോളർ രണ്ടായി: ഒന്നും പറ്റാതെ ലോറി; ഒരാള്‍ക്ക് പരിക്ക്
തിരുവനന്തപുരം: തട്ടത്തുമല കിളിമാനൂർ റോഡിൽ റോഡ് റോളറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. റോഡ് റോളർ പൂർണ്ണമായും തകരുകയും ചെയ്തു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്.
റോഡ് റോളർ ഡ്രൈവറും ബിഹാർ സ്വദേശിയുമായ സാലിമിനാണ് പരിക്കേറ്റത്. കിളിമാനൂർ ഭാഗത്ത് നിന്നും നിലമേൽ ഭാഗത്തേക്ക് പോയ ലോറിയും എതിരെ വന്ന റോഡ് റോളറുമാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡ് റോളർ രണ്ടായി മുറിഞ്ഞു മാറിയിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ റോഡ് റോളർ ഡ്രൈവർ സലിമിനെ ഉടൻ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കിളിമാനൂർ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടായി. ക്രയിൻ എത്തി റോഡ് റോളർ മാറ്റി.