15 March, 2020 01:05:34 PM
സർക്കാർ നിയന്ത്രണം മറികടന്ന് ബാങ്ക് തെരഞ്ഞെടുപ്പ്; നിർത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കൊവിഡ്19 പടരുന്നതിനിടെ സർക്കാര്‍ നിയന്ത്രണം മറികടന്ന് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടത്താൻ നീക്കം. തിരുവനന്തപുരം വാമനപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പാണ് കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് നടത്താൻ ശ്രമിച്ചത്. തുടർന്ന് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. തെരഞ്ഞെടുപ്പിനായി നിരവധി പേർ ബാങ്കിലെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
രാവിലെ 8 മുതൽ വൈകിട്ട് നാല് വരെ തെരഞ്ഞെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. വാമനപുരം ഗവൺമെന്‍റ് യുപി സ്‌കൂളാണ് പോളിംഗ് ബൂത്ത്. രാവിലെ മുതൽ 5000 ത്തോളം വോട്ടർമാരാണ് പോളിംഗ് ബൂത്തിൽ എത്തിയത്. പ്രായമായ ആളുകളെ വരെ ചുമന്ന് വോട്ട് ചെയ്യാനെത്തിച്ചിട്ടുണ്ട്. പരസ്പരം സ്പർശിച്ച് വരിനിന്ന ആളുകൾ മാസ്‌ക് പോലും ധരിച്ചിരുന്നില്ല.
തിരുവനന്തപുരത്ത് ജാഗ്രത നിർദേശം പാലിക്കണമെന്ന് കളക്ടർ കർശനമായി പറഞ്ഞിരുന്നു. കളക്ടറുടെ നേതൃത്വത്തിൽ യോഗം നടത്തിയെടുത്ത തീരുമാനങ്ങൾ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചത്. ഒരു മീറ്റർ അകലത്തിൽ വരി നിർത്തും, ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ ആളുകൾ ഉണ്ടാകില്ല തുടങ്ങിയ നിയന്ത്രണങ്ങളുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇവയൊന്നും പാലിക്കപ്പെട്ടില്ല. തുടർന്ന് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.