04 March, 2020 05:47:37 PM


തലസ്ഥാനത്ത് കെഎസ്ആര്‍ടിസി മിന്നല്‍ സമരം: യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു



തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കെഎസ്ആ‌ർടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു. ഇതിനിടെ ജീവനക്കാർ സമരം പിൻവലിച്ചു. തിരുവനന്തപുരം കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേകോട്ടയിൽ സംഘർഷ സ്ഥലത്ത് കുഴഞ്ഞുവീണ സുരേന്ദ്രനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാമെന്ന ഉറപ്പിനെ തുടർന്നാണ് യൂണിയൻ നേതാക്കൾ സമരം പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 


ഇതിനിടെ അപ്രതീക്ഷിത സമരത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തി. കിഴക്കേക്കോട്ട ഡിപ്പോക്ക് സമീപത്തെ റോഡിൽ കുത്തിയിരുന്നാണ് യാത്രക്കാരുടെ പ്രതിഷേധം. കെഎസ്ആ‌ർടിസി സമരം പിന്‍വലിച്ചെങ്കിലും യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ ആദ്യം സര്‍വീസ് നടത്തിയിട്ട് മറ്റ് വാഹനങ്ങള്‍ പോയാല്‍ മതിയെന്ന നിലപാടിലാണ് യാത്രക്കാര്‍. സർവീസുകൾ നിർത്തിവച്ചതോടെ നാല് മണിക്കൂറിലേറെ നേരമാണ് തലസ്ഥാന നഗരം നിശ്ചലമായത്. അപ്രതീക്ഷിത സമരത്തെ തുടർന്ന് രോഗികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ബുദ്ധിമൂട്ടിലായി. 


എറ്റിഒ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് കെഎസ്ആ‌ർടിസി ജീവനക്കാര്‍ പണിമുടക്കിയത്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സ്വകാര്യ ബസ് സൗജന്യമായി സമാന്തര സർവീസ് നടത്തിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. എറ്റിഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്, ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K