09 February, 2020 06:34:42 AM


ഓട നിർമാണത്തിൽ അപാകത; നിലമാമൂട് റോഡില്‍ നാട്ടുകാര്‍ പണി തടഞ്ഞു



തിരുവനന്തപുരം: വെള്ളറട നിലമാമൂട്-അഞ്ചുമരങ്കാല റോഡിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട ഓട നിർമാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പണി തടഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിയോടെ കുറ്റിക്കാട്ടിലാണ് സമരം നടന്നത്. ആറ് കിലോമീറ്ററോളം വരുന്ന റോഡിന്‍റെ നിലമാമൂട് മുതൽ കുടയാൽ വരെയുള്ള മൂന്ന്‌ കിലോമീറ്ററോളം ദൂരമാണ് ഒന്നാംഘട്ടമായി നവീകരിക്കുന്നത്. മൂന്നുകോടി രൂപയാണ് ഇതിന് അനുവദിച്ചത്. ആവശ്യമുള്ള ഭാഗത്ത് പാർശ്വഭിത്തിയും ഓടകളും പൂർണമായി ബി.എം.ബി.സി. ടാറിങ്ങുമാണ് നവീകരണത്തിലുള്ളത്.


ഒക്ടോബറിലായിരുന്നു നിർമാണോദ്ഘാടനം. തുടർന്ന് ആരംഭിച്ച ഓട പണിയിലാണ് നാട്ടുകാർ അപാകം ആരോപിക്കുന്നത്. റോഡിൽ മുമ്പുണ്ടായിരുന്ന ഓടകൾ ഒഴിവാക്കി അതിനിപ്പുറത്താണ് പുതിയത് നിർമിക്കുന്നത്. ഇക്കാരണത്താൽ റോഡിന്റെ വീതി കുറയുമെന്ന് സമരക്കാർ പറഞ്ഞു. പാറപ്പൊടി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ പിന്നീട് വെള്ളം ഉപയോഗിച്ച് നനയ്ക്കുന്നില്ലെന്ന ആരോപണവുമുണ്ട്. പണി തടഞ്ഞ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളെയും വകുപ്പ് അധികൃതരെയും വിവരമറിയിച്ചെങ്കിലും ആരും എത്തിയില്ല. ഒടുവിൽ കുഴച്ച കോൺക്രീറ്റ് മറ്റൊരു ഭാഗത്തെ ഓട നിർമാണത്തിനായി ഉപയോഗിച്ചശേഷം പണി നിർത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K