29 January, 2020 02:40:36 PM
പതിമൂന്ന്കാരിക്ക് പീഡനം; ബി ജെ പി പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ പിടിയില്‍
കിളിമാനൂർ: പതിമൂന്ന് വയസുള്ള പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി ശാരീരികായി പീഡിപ്പിച്ച കേസിൽ ബി ജെ പിയുടെ സജീവ പ്രവർത്തകനടക്കം രണ്ടു പേർ പിടിയിൽ. പഴയകുന്നുമ്മേൽ തട്ടത്തുമല മണലയത്തുപച്ച സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ (54) വെള്ളല്ലൂർ കീഴ്പേരൂർ ചരുവിളവീട്ടിൽ അനു (31) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പ്രതികളിൽ ചന്ദ്രനും കുടുംബവും പ്രദേശത്തെ സജീവ ബി ജെ പി പ്രവർത്തകരാണ്.
ചന്ദ്രൻ കിളിമാനൂർ സ്റ്റാന്റിലെ ഒട്ടോ ഡ്രൈവറും അനു പോങ്ങനാട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറുമാണ്. ഓട്ടോ ഡ്രൈവർമാരായ ഇരു പ്രതികളും പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്താണ് പെൺകുട്ടിയെയും പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നടത്തിയ കൗൺസിലിംഗിനൊടുവിലാണ് ചന്ദ്രൻ പീഡനത്തിനിരയാക്കിയതായി അറിയിക്കുന്നത്. സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിലും പോലീസിലും അറിയിക്കുകയായിരുന്നു.
ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് അനുവും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായി വെളിപ്പെടുന്നത്. പ്രതികളുടെ പേരിൽ രണ്ട് വ്യത്യസ്ത പോക്സോ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വർക്കല ബീച്ച്, പ്രതികളുടെ വീട് തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് നിരവധി തവണ പീഡനം നടത്തിയതായി പോലീസ് അറിയിച്ചു. പ്രതി ചന്ദ്രന് രണ്ട് ഭാര്യമാരിലായി നാല് കുട്ടികളും അനുവിന് ഭാര്യയും ഒരു കുഞ്ഞുമുണ്ട്.
പെൺകുട്ടിയെ പ്രതികൾ പീഡനത്തിന് വിധേയമാക്കിയ വിവരം പെൺകുട്ടിയുടെ അമ്മക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ അച്ഛൻ കൂലിപണിക്ക് പോയികഴിഞ്ഞാൽ ദിവസങ്ങൾ കഴിഞ്ഞെ വീട്ടിലെത്താറുള്ളൂ. ഈ അവസരം വിനിയോഗിച്ചാണ് പ്രതികൾ കുട്ടിയെ ശാരീരികമായി ഉപയോഗിച്ചത്. പ്രതികളെ കിളിമാനൂർ, പോങ്ങനാട് എന്നീ സ്ഥലങ്ങളിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ സി ഐ കെ ബി മനോജ് കുമാർ, സബ് ഇൻസ്പെക്ടർമാരായ എസ് അഷറഫ്, ഷാജി എ എസ് ഐ ഷജീം, വനിതാ പോലീസ് ഉദ്യോഗസ്ഥരായ പ്രിയ , അനുമോഹൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജാരക്കി റിമാന്റ് ചെയ്തു.