21 January, 2020 06:25:55 PM


വരന്‍റെ അച്ഛനും വധുവിന്‍റെ അമ്മയും ഒളിച്ചോടി; മക്കൾ വിവാഹത്തിൽ നിന്നും പിന്മാറി



സൂററ്റ്: ബന്ധുക്കളുടെ വിവാഹ ചടങ്ങുകൾക്കിടയിൽ പഴയ കാമുകീകാമുകന്മാർ വീണ്ടും കാണുകയും ഒന്നിക്കുകയും ചെയ്യുന്നത് ബോളിവുഡിന്റെ പ്രിയപ്പെട്ട വിഷയമാണ്. ഇപ്പോഴിതാ സിനിമയെവെല്ലുന്ന വാർത്തയാണ് ഗുജറാത്തിലെ സൂറത്തിൽ നിന്നും വരുന്നത്. ബന്ധുക്കൾക്ക് പകരം വരന്റെ അച്ഛനും വധുവിന്റെ അമ്മയുമാണ് കഥാനായകര്‍.


ഇരുവരുടെയും മക്കളുടെ വിവാഹനിശ്ചയം കഴിഞ്ഞ വർഷമാണ് കഴിഞ്ഞത്. വധുവും വരനും വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു. മാനസികമായി ഇരുവരും അടുക്കുകയും ചെയ്തു. ഇതിനിടയ്ക്കാണ് ആരുമറിയാതെ പഴയ ഒരു പ്രണയം വീണ്ടും പൂത്തുതളിർക്കാൻ തുടങ്ങിയത്. വരന്റെ അച്ഛനും വധുവിന്റെ അമ്മയും തമ്മിൽ.


ഇരുവരും കൗമാരത്തിൽ കമിതാക്കളായിരുന്നു. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദം മൂലം വിവാഹിതരാകാൻ സാധിക്കാതെ വേർപിരിഞ്ഞു. വീണ്ടും കാണാനും അടുക്കാനുമുള്ള സാഹചര്യമുണ്ടാകുന്നത് മക്കളുടെ വിവാഹം ഉറപ്പിച്ചതോടെയാണ്. മക്കൾ ഹൃദയം കൈമാറുന്നതിനോടൊപ്പം 48 കാരനായ അച്ഛനും 46 കാരിയായ അമ്മയും ഹൃദയം കൈമാറി.


മക്കളുടെ വിവാഹം ഫെബ്രുവരി ആദ്യവാരം നടക്കാനിരിക്കെ ഇരുവരും ഒളിച്ചോടിയ വാർത്തയാണ് പുറത്തുവന്നത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് പഴയ പ്രണയകഥ പുറത്തുവന്നത്. ഏതായാലും ഈ പ്രണയത്തോടെ മക്കൾ വിവാഹം വേണ്ടെന്ന് തീരുമാനിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K